മുംബൈ: മികച്ച പ്രകടനം പുറത്തെടുക്കാത്ത ഐ.പി.എല്ലിലെ ഈ രണ്ട് ഫ്രാഞ്ചൈസികളിലേക്ക് എന്തുകാരണമുണ്ടായാലും കളിക്കാര്‍ മടങ്ങി പോവാന്‍ ആഗ്രഹിക്കില്ലെന്ന് ന്യൂസിലാന്റ് സ്പിന്‍ ഇതിഹാസം ഡാനിയല്‍ വെറ്റോറി.
രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ രണ്ട് ടീമുകളില്‍ ഒരിക്കല്‍ കളിച്ച ആരും തന്നെ തിരികെ മടങ്ങി ചെല്ലാന്‍ ആഗ്രഹിക്കില്ലെന്നും വെറ്റോറി പറഞ്ഞു.
ഇരുടീമുകളും ഇതുവരെ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും പ്ലേ ഓഫ് കടക്കാന്‍ സാധിക്കാത്ത ടീമുകളാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വെറ്റോറിയുടെ പ്രതികരണം.
എപ്പോഴും വിജയിച്ചു നില്‍ക്കുന്ന ഫ്രാഞ്ചൈസികളില്‍ ചെന്ന് കഴിവ് തെളിയിക്കാനാണ് എല്ലാ കളിക്കാരും ആഗ്രഹിക്കുന്നതെന്നും ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പടെയുള്ളവര്‍ അത്തരത്തിലുള്ള കളിക്കാരാണെന്നും വെറ്റോറി വ്യക്തമാക്കി.
രാജസ്ഥാന്‍ റോയല്‍സ് ഒരുപക്ഷേ ബെന്‍ സ്റ്റോക്‌സിനെ കൂടാരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടാവാമെന്നും എന്നാല്‍ മറ്റേതെങ്കിലും ടീമിലേക്ക് ചേക്കേറാനാണ് സ്‌റ്റോക്‌സിന് ഇഷ്ടമെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.
അമിതമായ ജോലിഭാരം കാരണം സ്‌റ്റോക്‌സും ആര്‍ച്ചറും പോലുള്ള കളിക്കാരെ സീസണ്‍ മുഴുവന്‍ ലഭിക്കില്ലെന്നും വെറ്റോറി പറയുന്നു.
മൂന്ന് താരങ്ങളേയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍, ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്.