ബാഴ്സലോണയിൽ അദ്ദേഹത്തിനൊപ്പം കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: ഡാനി ഓല്‍മോ
Football
ബാഴ്സലോണയിൽ അദ്ദേഹത്തിനൊപ്പം കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: ഡാനി ഓല്‍മോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th August 2024, 3:45 pm

 

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. സാവിയുഗത്തിന് ശേഷം പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ നേതൃത്വത്തിലാണ് കറ്റാലന്‍ പട ഈ സീസണില്‍ പോരാട്ടത്തിനിറങ്ങുന്നത്.

ടീമിനെ കൂടുതല്‍ ശക്തമാക്കാന്‍ സ്പാനിഷ് യുവതാരം ഡാനി ഓല്‍മോയെ ബാഴ്‌സ കഴിഞ്ഞദിവസം സൈന്‍ ചെയ്തിരുന്നു. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്സിഗില്‍ നിന്നുമാണ് താരത്തെ ബാഴ്സ സ്വന്തമാക്കിയത്. 62 മില്യണ്‍ യൂറോക്കാണ് ഓല്‍മോയെ ബാഴ്‌സ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ആറ് വര്‍ഷത്തെ കരാറിലാണ് താരത്തെ കറ്റാലന്മാര്‍ റാഞ്ചിയത്.

ഇപ്പോഴിതാ ബാഴ്‌സലോണയില്‍ ഒപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡാനി ഓല്‍മോ. പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്പാനിഷ് താരം പറഞ്ഞു. ബാഴ്‌സ യൂണിവേഴ്‌സലിലൂടെ സംസാരിക്കുകയായിരുന്നു ഡാനി.

‘ഞാന്‍ ഇതിനോടകം തന്നെ നിരവധി ബാഴ്‌സ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഇവിടെ മികച്ച നിലവാരമാണുള്ളത്. ലെവന്‍ഡോസ്‌കിയെപോലുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്,’ ഡാനി ഓല്‍മോ പറഞ്ഞു.

ബുണ്ടസ് ലീഗയില്‍ ആര്‍.ബി ലെപ്സിഗിന് വേണ്ടി കഴിഞ്ഞ സീസണില്‍ 25 മത്സസരങ്ങളില്‍ നിന്നും എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സ്പാനിഷ് താരം നേടിയത്. മുന്നേറ്റനിരയില്‍ വ്യത്യസ്ത വിങ്ങുകളില്‍ കളിക്കാനുള്ള കഴിവാണ് താരത്തെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

അടുത്തിടെ അവസാനിച്ച യൂറോകപ്പില്‍ സ്പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഓല്‍മോക്ക് സാധിച്ചിരുന്നു. മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ടാണ് താരം യൂറോയില്‍ കളംനിറഞ്ഞു കളിച്ചത്.

അതേസമയം പ്രീ സീസണ്‍ മത്സരത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയും ഫ്ലിക്കും കൂട്ടരും മികച്ച ഫോമിലാണ്. എ.സി മിലാനെതിരെ നിശ്ചിത സമയത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒടുവില്‍ പെനാല്‍ട്ടിയില്‍ 4-3 എന്ന സ്‌കോറിനായിരുന്നു കറ്റാലന്മാര്‍ ജയിച്ചുകയറിയത്.

നിലവില്‍ ഇനി ബാഴ്‌സയുടെ മുന്നിലുള്ളത് ജോവന്‍ ഗാമ്പര്‍ ട്രോഫി ഫൈനലാണ്. ഓഗസ്റ്റ് 12ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയാണ് സ്പാനിഷ് വമ്പന്മാരുടെ എതിരാളികള്‍. ഒളിമ്പിക് ലൂയിസ് കൊമ്പനീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Dani Olmo Talks He Want to Play Robert Lewandowski in Barcelona