ന്യൂദല്‍ഹി: ദസറ ദിനത്തില്‍ രാവണക്കോലങ്ങള്‍ക്കുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചുകൊണ്ട് പഞ്ചാബിലടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് വളരെ അപകടകരമായ ഒരു നടപടിയാണെന്നും ഇത് നമ്മുടെ രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
‘ഇന്നലെ പഞ്ചാബിലുടനീളം ഇത് സംഭവിച്ചു. പ്രധാനമന്ത്രിയോട് പഞ്ചാബിന് ഇത്രയേറെ ദേഷ്യം തോന്നുന്നത് സങ്കടകരമാണ്. ഇത് വളരെ അപകടകരമായ ഒരു നടപടി കൂടിയാണ്. ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണ്.
പ്രധാനമന്ത്രി ഇനിയെങ്കിലും കര്‍ഷകരിലേക്ക് എത്തിച്ചേരുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണം’, രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.
പഞ്ചാബിലുടനീളം മോദിയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. മോദിക്കൊപ്പം വ്യവസായ ഭീമന്മാരായ അംബാനി, അദാനി എന്നിവരുടെ കോലങ്ങളും കര്‍ഷകര്‍ കത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും കോര്‍പ്പറേറ്റുകളുടെയും അവിശുദ്ധസഖ്യത്തിനെതിരേയാണ് പ്രതിഷേധമെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.
പട്യാല ദേശീയപാതയിലെ പന്ത് ടോള്‍പ്ലാസയ്ക്കു സമീപമുള്ള സമരത്തില്‍ അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സി.ഐ.ടി.യു. ദേശീയ സെക്രട്ടറി എ.ആര്‍. സിന്ധു, കീര്‍ത്തി കിസാന്‍സഭ നേതാവ് യോഗേന്ദ്ര പാല്‍, ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ഹര്‍വചന്‍ സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
കഴിഞ്ഞ ദിവസം പലയിടങ്ങളിലും കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചിരുന്നു. ഇതിനൊപ്പം ബി.ജെ.പി നേതാക്കളുടെ വീട് ഘരാവോ ചെയ്തും കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് പറഞ്ഞ് ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബി.ജെ.പിയും മോദിയും കനത്ത ജനരോഷമാണ് പഞ്ചാബില്‍ നേരിടുന്നത്.
ഇതോടൊപ്പം മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രി നേരിട്ട് തന്നെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നയിക്കുകയും കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുകയും ചെയ്തിരുന്നു.
പുതിയ കര്‍ഷക നിയമത്തെ ചൊല്ലി ബി.ജെ.പിക്കുള്ളില്‍ നിന്ന് തന്നെ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ നേതാക്കളും ചില കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രമേയം അവതരിപ്പിക്കവെ പറഞ്ഞിരുന്നു.
പഞ്ചാബിലെ പുതിയ ബില്ല് പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പന കരാര്‍ ഉണ്ടാക്കുന്നത് കുറ്റകരമാകും.
നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ. താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും.
ഭക്ഷ്യ ധാന്യങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയും. രണ്ടര ഏക്കര്‍വരെയുള്ള കാര്‍ഷിക ഭൂമികളുടെ ജപ്തി ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ പഞ്ചാബ് മാതൃകയില്‍ രാജസ്ഥാനിലും കാര്‍ഷിക നിയമത്തിനെതിരെ ബില്ലവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു.
സെപ്തംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക