Kerala News
'പെങ്കൊച്ചിനെ മര്യാദയ്ക്ക് വളര്‍ത്തണം'; വിജയ് ബാബു കേസിലെ അതിജീവിതയുടെ പിതാവിന്റെ പ്രതികരണ വാര്‍ത്തക്ക് താഴെ വിദ്വേഷവുമായി സൈബര്‍ ബുള്ളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 22, 01:00 pm
Wednesday, 22nd June 2022, 6:30 pm

കോഴിക്കോട്: ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയ കോടതി വിധിയിലുള്ള അതിജീവിതയുടെ പിതാവിന്റെ പ്രതികരണത്തെ തുടര്‍ന്നുള്ള വാര്‍ത്തക്ക് താഴെ വിദ്വേഷ കമന്റുകള്‍. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയയയില്‍ ഷെയര്‍ ചെയ്ത വാര്‍ത്തക്ക് താഴെയാണ് അതിജീവിതയെയും പിതാവിനെയും അധിക്ഷേപിച്ച കമന്റുമായി സൈബര്‍ ബുള്ളികള്‍ ഒത്തുകൂടിയത്.

‘പെങ്കൊച്ചിനെ മര്യാദയ്ക്ക് വളര്‍ത്തണമായിരുന്നു, മകളെ സിനിമയിലഭിനയിക്കാന്‍ വിട്ടിട്ട് ഏത് പടത്തിലാണ് അഭിനയിക്കുന്നത് എന്ന് അന്വേക്കാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കും ഉണ്ടായിരുന്നു,’ തുടങ്ങിയ ഉപദേശ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘മകളുടെ വിശാല മനസ്‌കതക്ക് ഒരു അവാര്‍ഡ് കൊടുത്താലോ, പിന്നെ തന്റെ മോള്‍ സൂപ്പറല്ലേ, ഇത് ശരിക്കും വിജയ് ബാബുവിന്റെ കുടുംബമാണ് പറയേണ്ടത്.

മോളെ ചാന്‍സ് കിട്ടാന്‍ വേണ്ടി കയറൂരി വിടുമ്പോ ആലോചിക്കണമായിരുന്നു. അതിജീവിതക്ക് അതിജീവനത്തിനു വേണ്ടി പിറകെ പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു. രണ്ട് പേര്‍ക്കും തുല്യ പങ്കാണ്. ആഭാസം കാണിക്കാന്‍ വിടുമ്പോ ഓര്‍ക്കണമായിരുന്നു,’ തുടങ്ങിയ കമന്റുകളുമായി അധിക്ഷേപിക്കുന്നവരുമുണ്ട്. അതിജീവിതയുടെ പേര് വെളിപ്പെടുത്തി നിര്‍വൃതിയണയുന്ന ചില പ്രൊഫൈലുകളും ഈ കൂട്ടത്തിലുണ്ട്.

അതേസമയം, ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയ കോടതി വിധിയില്‍ നിരാശയെന്ന് അതിജീവിതയുടെ പിതാവിന്റെ പ്രതികരണം. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്തയാണ് വിജയ് ബാബുവിനെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമിച്ചെന്നും പിതാവ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ മകള്‍ ബോള്‍ഡായത് കൊണ്ടാണ് പ്രതിയുടെ സ്വാധീനങ്ങള്‍ ഭയക്കാതെ പരാതി നല്‍കിയതെന്നും ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ നല്‍കിയതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞിരുന്നു.