നിയമസഹായം ചാരിറ്റിയല്ല; മമ്മൂട്ടിയാണോ മധുവിന്റെ കേസ് നടത്തേണ്ടത്? സ്റ്റേറ്റിന് ഒരു ഉത്തരവാദിത്വവുമില്ലേ ? സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം
Kerala News
നിയമസഹായം ചാരിറ്റിയല്ല; മമ്മൂട്ടിയാണോ മധുവിന്റെ കേസ് നടത്തേണ്ടത്? സ്റ്റേറ്റിന് ഒരു ഉത്തരവാദിത്വവുമില്ലേ ? സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th January 2022, 8:05 pm

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേസ് നടത്തേണ്ടത് നടന്‍ മമ്മൂട്ടിയാണോ എന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

കഴിവുറ്റ ഒരു പബ്ലിക് പ്രൊസിക്യൂട്ടറെ വെക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലേ? ആഭ്യന്തര-നിയമ വകുപ്പുകള്‍ക്കില്ലെങ്കില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വകുപ്പില്‍ പണമില്ലേ എന്നും മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ഷാജി ഫേസ്ബുക്കിലൂടെ ചോദിച്ചു. നിയമസഹായം ചാരിറ്റിയല്ലെന്നും ആദിവാസികള്‍ക്ക് വേണ്ടത് ചാരിറ്റിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു സ്വകാര്യ/സിവില്‍ അന്യായമല്ല. വലിയ ക്രൈം ആണ്. അതില്‍ നീതി ഉറപ്പുവരുത്തേണ്ട സ്റ്റേറ്റ് എന്തു ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് പി.ബി. ജിജീഷ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.

‘ഇടത് സര്‍ക്കാരും നിയമ മന്ത്രിയും എന്ത് ഊഞ്ഞാലാട്ടത്തിനാണ് ആ കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്..? മനുഷ്യര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോകുന്നതല്ലേ മാന്യത?

മമ്മൂട്ടി ഇടത് സര്‍ക്കാരിന്റെ നെഞ്ചത്ത് കൊടുത്ത പഞ്ച് ഇഷ്ടമായി. ഇതാണ് ഒരു ഇടതുപക്ഷക്കാരനില്‍ നിന്നും പ്രതീക്ഷിക്കുന്നത്,’ മനോജ് സി.ആര്‍. എന്ന പ്രഫൈല്‍ എഴുതി.

സഹായ വാഗ്ദാനം മമ്മൂട്ടി നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞിരുന്നു.

‘കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും,’ സരസു പറഞ്ഞു.

അതേസമയം, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു.