ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.
അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.
യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ താരം ജനുവരി ആദ്യം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറുമായി കരാറില്‍ ഒപ്പുവെക്കുമെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്.
2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നാസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.
ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.
സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറും. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നാസര്‍ പ്രതിഫലമായി മാത്രം നല്‍കുക.
അതേസമയം, ഖത്തര്‍ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗലിന്റെ പുറത്താകലോടെ സ്പെയ്നില്‍ എത്തിയ റോണോ റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ക്യാമ്പില്‍ പരിശീലനം നടത്തിയപ്പോള്‍ താരം തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് തിരികെ പോകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
തങ്ങളുടെ മികച്ച താരങ്ങളില്‍ ഒരാളായിരുന്ന റോണോയെ തിരികെയെത്തിക്കാന്‍ റയല്‍ ശ്രമിക്കുകയാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ റൊണാള്‍ഡോ മാഡ്രിഡ് പരിശീലന ക്യാമ്പ് വിട്ടെന്നും തന്റെ പ്രൈവറ്റ് ജെറ്റില്‍ ദുബായിലേക്ക് പറന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
താരം വാല്‍ദെബെബാസ് ക്യാമ്പില്‍ പരിശീലനം നടത്തുന്നതിനോട് റയല്‍ വിമുഖത കാണിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: Cristiano Ronaldo will become a football coach after the retirement as a player