ലോകകപ്പിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം പകരം നല്‍കുമോ? നുണപരിശോധനയില്‍ ഞെട്ടിച്ച് റൊണാള്‍ഡോ
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലൈ ഡിറ്റക്ടര്‍ ടെസ്റ്റ് (നുണപരിശോധന) ആണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിനാന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് താരം ഈ നുണപരിശോധനിയില്‍ പങ്കെടുത്തത്.
താരത്തിന്റെ കരിയറിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു പരിശോധനയില്‍ ചോദിച്ചിരുന്നത്. ബിനാന്‍സിന്റെ പ്രതിനിധികള്‍ ചോദ്യം ചോദിക്കുകയും റൊണാള്‍ഡോയുടെ ഉത്തരങ്ങള്‍ സത്യമാണോ കള്ളമാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുന്നതുമായിരുന്നു ടെസ്റ്റ്.
അലക്‌സ് ഫെര്‍ഗൂസനാണോ ഏറ്റവും മികച്ച മാനേജര്‍, തന്റെ ഗോള്‍ നേട്ടത്തിന്റെ റെക്കോഡ് ആരെങ്കിലും തകര്‍ക്കുമോ, പോര്‍ച്ചുഗല്‍ ലോകകപ്പ് നേടുമോ തുടങ്ങി ചോദ്യങ്ങളുടെ നീണ്ട നിര തന്നെയായിട്ടാണ് ബിനാന്‍സ് എത്തിയത്.
ഫിഫ വേള്‍ഡ് കപ്പിന് വേണ്ടി കരിയറില്‍ നേടിയ അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ പകരം നല്‍കുമോ എന്ന ചോദ്യവും ഉള്‍പ്പെട്ടിരുന്നു. ഇതിന് ഏറെ ആലോചിച്ച ശേഷം ഇല്ല എന്നായിരുന്നു താരം മറുപടി നല്‍കിയത്. പരിശോധനയില്‍ റൊണാള്‍ഡോ പറയുന്നത് സത്യമാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
അഞ്ച് തവണയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ യൂറോപ്പിന്റെ ചാമ്പ്യനായത്. മാഞ്ചസ്റ്ററിനൊപ്പവും റയല്‍ മാഡ്രിഡിനൊപ്പവുമാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.
2008ലാണ് റൊണാള്‍ഡോ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടുന്നത്. അന്ന് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് റെഡ് ഡെവിള്‍സ് യൂറോപ്പിന്റെ ചാമ്പ്യന്‍മാരായത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് മാഞ്ചസ്റ്റര്‍ കിരീടത്തില്‍ മുത്തമിട്ടത്.
ശേഷം റയല്‍ മാഡ്രിഡിനൊപ്പം 2014, 2016, 2017, 2018 സീസണിലും താരം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടിരുന്നു.
അതേസമയം, യുവേഫ യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കായി റൊണാള്‍ഡോ പോര്‍ച്ചുഗലിലെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ ഒമ്പതിന് സ്ലോവാക്യയ്ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ശേഷം പോര്‍ച്ചുഗല്‍ ലക്സംബര്‍ഗിനെയും നേരിടും.
രാജ്യത്തിനായി 123 ഗോളുകളുമായി മുന്നില്‍ നില്‍ക്കുന്നതും രാജ്യത്തിനായി കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. ഈ മികച്ച പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും നാല് അസിസ്റ്റുകളുമായി മിന്നും ഫോമിലാണ് താരം.
അല്‍ ഹസമിനെതിരായ മത്സരത്തില്‍ നേടിയ രണ്ട് അസിസ്റ്റുകളോടെ റൊണാള്‍ഡോ തന്റെ കരിയറില്‍ ആദ്യമായി തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ അസിസ്റ്റ് ചെയ്തുവെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
Content highlight: Cristiano Ronaldo takes lie detector test