'ബാഹ്യമായ ഒരു ശക്തിക്കും തകര്‍ക്കാനാകാത്ത ടീമാണ് പോര്‍ച്ചുഗല്‍'; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് റൊണാള്‍ഡോ
football news
'ബാഹ്യമായ ഒരു ശക്തിക്കും തകര്‍ക്കാനാകാത്ത ടീമാണ് പോര്‍ച്ചുഗല്‍'; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th December 2022, 12:47 am

പോര്‍ച്ചുഗല്‍ ടീമും താനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ടീമില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് തങ്ങളെന്നും റൊണാള്‍ഡോ പറഞ്ഞു. അവസാനം വരെ സ്വപ്നത്തിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബാഹ്യമായ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു കൂട്ടമാണ് ഞങ്ങള്‍(പോര്‍ച്ചുഗല്‍). വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളത്. അവസാനം വരെ സ്വപ്നത്തിനായി പോരാടും!

ഒരു മോശം പ്രചരണങ്ങളും ധീരരായ പോര്‍ച്ചുഗീസുകാരെ ഭയപ്പെടുത്തില്ല. വാക്കിനോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ ടീം ഒരു ടീമായി കളിക്കുന്നത്,’ റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

നേരത്തെ റൊണാള്‍ഡോ ടീം വിടുന്നു എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു.

‘റൊണാള്‍ഡോ എല്ലാ ദിവസവും ദേശീയ ടീമിനായും രാജ്യത്തിനായും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാക്കുന്ന താരമാണ്. അദേഹത്തിന്റെ ദേശീയ ടീമിനോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാന്‍ പാടില്ലാത്ത തരത്തില്‍ മികച്ചതാണ്,’ എന്നാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയിരുന്നില്ല. റൊണാള്‍ഡോക്ക് പകരക്കാരനായി എത്തിയ ഗോണ്‍സാലോ റാമോസ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഹാട്രിക്കും നേടിയിരുന്നു.

ഇതോടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷനുമായി പിണങ്ങി ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിക്കും എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നത്.

Content Highlights: Cristiano Ronaldo responded to the rumors that there were problems between him and the Portugal team.