അച്ഛനെപ്പോലെ എതിരാളികളെ വിറപ്പിച്ച് മകനും; വൈറലായി റൊണാൾഡോയുടെ മകന്റെ വീക്ക്-ഫൂട്ട് ഗോൾ
സൗദി ക്ലബ്ബ് അൽ നസറിൽ മികവോടെ കളിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തിയതിന് പിന്നാലെ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയത്.
കൂടാതെ ലീഗ് ഫുട്ബോളിൽ 500 ഗോളുകൾ എന്ന നേട്ടം അൽ നസറിൽ പൂർത്തിയാക്കിയ റൊണാൾഡോ, ഈ വർഷം മെസി നേടിയ ഗോളുകളെക്കാൾ സ്കോർ ചെയ്യുകയും ചെയ്തു.
റൊണാൾഡോക്കൊപ്പം താരത്തിന്റെ മുതിർന്ന മകൻ റൊണാൾഡോ ജൂനിയറും സൗദി അറേബ്യയിലാണ് കളിക്കുന്നത്. സൗദിയിലെ പ്രമുഖ ഫുട്ബോൾ പരിശീലന കേന്ദ്രമായ മഹ്ദ് അക്കാദമിയിൽ കളിക്കുന്ന താരത്തിന്റെ ഒരു ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ. വീക്ക് ഫൂട്ടിലൂടെ റോണോ ജൂനിയർ നേടിയ ഗോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീക്ക് ഫൂട്ടിലൂടെ ഗോൾ കണ്ടെത്താൻ സമർത്ഥനാണ് റൊണാൾഡോയും കരിയറിൽ ഇതുവരെ 132 ഗോളുകളാണ് റൊണാൾഡോ വീക്ക് ഫൂട്ടിൽ നിന്നും സ്വന്തമാക്കിയത്.
ലോക പ്രശസ്ത ഫുട്ബോൾ വെബ്സൈറ്റായ 433യാണ് റൊണാൾഡോ ജൂനിയറിന്റെ ഗോൾ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
റൊണാൾഡോ കളിക്കുന്ന ക്ലബ്ബുകളുടെയെല്ലാം ജൂനിയർ അക്കാദമിയിലൂടെയാണ് റൊണാൾഡോ ജൂനിയർ കളി പഠിച്ചത്.മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് മുതലായ ക്ലബ്ബുകളുടെയെല്ലാം അക്കാദമികളിൽ റോണോ ജൂനിയർ കളിച്ചിട്ടുണ്ട്.
View this post on Instagram
അതേസമയം റൊണാൾഡോയുടെ നായകത്വത്തിന് കീഴിൽ കളിക്കുന്ന അൽ നസർ സൗദി പ്രോ ലീഗിൽ 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്. അൽ ഇത്തിഹാദ്, അൽ ശബാബ് എന്നീ ടീമുകൾക്കും 37 പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അൽ നസറാണ് മുമ്പിൽ. ഫെബ്രുവരി 17ന് അൽ തവ്വൂനെതിരെയാണ് ലീഗിലെ അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights: Cristiano Ronaldo Jr score viral foot weak goal