ഖത്തര്‍ ലോകകപ്പ് അന്തിമഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ബ്രസീല്‍ – ക്രൊയേഷ്യ ഏറ്റുമുട്ടലാണ് ആദ്യ മത്സരത്തില്‍ അരങ്ങേറുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന എട്ട് ടീമുകളിലെ ഓരോ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനിരിക്കുന്ന ടീമിനെയും അവരുടെ എതിരാളികളെയും മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മെസിയെയും നെയ്മറിനെയും എംബാപ്പയെയുമെല്ലാം അണിനിരത്തിയ പോസ്റ്ററില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം ഇല്ല. ഫിഫയുടെ പോസ്റ്റിന് താഴെ റൊണാള്‍ഡോ എവിടെ എന്നന്വേഷിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രതിഷേധ കമന്റുകളും പോസ്റ്റിന് താഴെ കാണാം.
തിയേറ്ററിലിരുന്ന് ഓരോ ടീമുകളിലെയും ഓരോ താരങ്ങള്‍ പോപ് കോണ്‍ കഴിക്കുന്നതും കുശലം പറയുന്നതുമായ കാര്‍ട്ടൂണൈസ്ഡ് ചിത്രങ്ങള്‍ വളരെ രസകരമായാണ് ഫിഫ തയ്യാറാക്കിയിരിക്കുന്നത്. ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നും ആദ്യ നിരയില്‍ സന്തോഷവാന്‍മാരായി സംസാരിക്കുന്നതായി ചിത്രത്തില്‍ കാണാം.
ഏറ്റവും പിന്നില്‍ ചിരിച്ചിരിക്കുന്ന മൊറോക്കയുടെ സൂപ്പര്‍താരം അഷ്രഫ് ഹക്കിമിയെയും കാണാം. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന പോര്‍ച്ചുഗലിന്റെ സീറ്റിലേക്ക് പുറത്ത് നിന്ന് പോപ്‌കോണ്‍ പിടിച്ചുവരുന്ന ബ്രൂണോ ഫെര്‍ണാണ്ടസിനെയും കാണാം.
ഈ പോസ്റ്ററില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരുടെ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ റൊണാള്‍ഡോ ബെഞ്ചിലിരിക്കുമെന്നതിന്റെ സൂചനയാണോ ഇതെന്നും ചിലര്‍ കമന്റ് ചെയ്തു.
പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ താരം ബെഞ്ചിലിരിക്കുകയായിരുന്നു. കളിയുടെ രണ്ടാം പാതത്തിലെ അവസാന നിമിഷം മാത്രമാണ് റൊണാള്‍ഡോയെ കളിക്കാനിറക്കിയത്.
പ്രഗത്ഭനും കഴിവ് തെളിയിക്കുകയും ചെയ്ത റൊണാള്‍ഡോയെ പോലൊരു ഇതിഹാസതാരം ഫോം ഔട്ടാവുകയും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ബെഞ്ചിലിരിക്കുകയും ചെയ്യേണ്ടി വരുന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചയാണെന്നും ആരാധകര്‍ കുറിച്ചു.