Football
ഫുട്ബോളിലെ അടുത്ത തലമുറയിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 13, 02:52 am
Friday, 13th September 2024, 8:22 am

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാമിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡ് സൂപ്പര്‍താരം അടുത്ത തലമുറയിലെ ഏറ്റവും മികച്ച താരമായി മാറുമെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിനൊപ്പം തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘ജൂഡ് ബെല്ലിങ്ഹാം, അവന്‍ മികച്ച കഴിവുള്ള താരമാണ്. അവന്‍ ഒരു വലിയ പ്രതിഭയാണ്. കാമവിംഗ, റോഡ്രിഗോ, വിനീഷ്യസ് എന്നീ താരങ്ങളെപോലെ അവന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയിലെ ഏറ്റവും മികച്ച താരമായി ജൂഡ് മാറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ബെല്ലിങ്ഹാം. അടുത്തിടെ ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ട ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടികയില്‍ മുന്‍നിരയിലുള്ള താരവും ജൂഡ് തന്നെയാണ്.

2023ല്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും 89 മില്യണ്‍ പൗണ്ടിനാണ് റയല്‍ ഇംഗ്ലീഷ് താരത്തെ തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും റയലിന് വേണ്ടി ഗോളുകളും അസിസ്റ്റുകളും നേടിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇംഗ്ലണ്ട് താരം നടത്തിയത്.

ലോസ് ബ്ലാങ്കോസിനൊപ്പം 23 ഗോളുകളും 13 അസിസ്റ്റുകളുമാണ് ജൂഡ് ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ലാ ലിഗ വിജയത്തിലും പങ്കാളിയാവാന്‍ ജൂഡിന് സാധിച്ചു.

റയലിനൊപ്പം റൊണാള്‍ഡോ നേടിയ ഒരു തകര്‍പ്പന്‍ റെക്കോഡും ജൂഡ് തന്റെ പേരിലാക്കി മാറ്റിയിരുന്നു. ലോസ് ബ്ലാങ്കോസിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനായിരുന്നു ജൂഡിന് സാധിച്ചത്. റയലിന് വേണ്ടി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും 13 ഗോളുകളായിരുന്നു ജൂഡ് നേടിയത്.

റൊണാള്‍ഡോയുടെ റെക്കോഡായിരുന്നു ജൂഡ് മറികടന്നത്. റയലിനായി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും 11 ഗോളുകളായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം നേടിയിരുന്നത്.

അതേസമയം നിലവില്‍ ലാ ലീഗയില്‍ ഈ സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നും രണ്ട് വീതം വിജയവും സമനിലയുമായി എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 18ന് നടക്കുന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് വി.എഫ്.ബി സ്റ്റുർഗാര്‍ട്ടിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം നടക്കുക.

 

Content Highlight: Cristaino Ronaldo Praises Jude Bellingham