എന്റമ്മോ... എജ്ജാദി ടീം; വിരാടിനും രോഹിത്തിനും ഇടമില്ലാത്ത ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
Sports News
എന്റമ്മോ... എജ്ജാദി ടീം; വിരാടിനും രോഹിത്തിനും ഇടമില്ലാത്ത ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st December 2023, 1:12 pm

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈ വര്‍ഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തിയ എല്ലാ താരങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് ഇംഗ്ലണ്ട് താരങ്ങളും രണ്ട് വീതം ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍ താരങ്ങളും ശ്രീലങ്ക, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഉള്‍പ്പെടുന്നതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബെസ്റ്റ് ടെസ്റ്റ് ഇലവന്‍ ഓഫ് ദി ഇയര്‍.

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് വേള്‍ഡ് ടെസ്റ്റ് ടീമിന്റെയും നായകന്‍. ഓസീസിനെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയിക്കുകയും ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്ത കമ്മിന്‍സ് തന്നെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ബെസ്റ്റ് ഓപ്ഷന്‍.

ഓസീസ് സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയും ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നെയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഈവര്‍ഷം ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരമാണ് ഖവാജ. 1210 റണ്‍സാണ് താരം നേടിയത്. കളിച്ച പത്ത് ഇന്നിങ്‌സില്‍ നിന്നും 60.8 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 608 റണ്‍സാണ് കരുണരത്‌നെയുടെ സമ്പാദ്യം.

 

മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫാബ് ഫോറിലെ കരുത്തരും മോഡേണ്‍ ഡേ ലെജന്‍ഡ്‌സുമായ കെയ്ന്‍ വില്യംസണും ജോ റൂട്ടുമാണ് ഇടം നേടിയിരിക്കുന്നത്. അഞ്ചാം നമ്പറില്‍ ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്കും ഇടം പിടിച്ചിട്ടുണ്ട്.

 

 

ടീമിലെ സര്‍പ്രൈസ് താരം അയര്‍ലന്‍ഡ് വിക്കറ്റ് കീപ്പറായ ലോര്‍കന്‍ ടക്കറാണ്. ഈ വര്‍ഷം കളിച്ച നാല് ടെസ്റ്റിലെ എട്ട് ഇന്നിങ്‌സില്‍ നിന്നും 43.87 ശരാശരിയില്‍ 351 റണ്‍സാണ് ഈ ഐറിഷ് താരത്തിന്റെ സമ്പാദ്യം.

സ്പിന്‍ ബൗള്‍ ഓള്‍ റൗണ്ടേഴ്‌സായി ഇന്ത്യന്‍ ഡുവോ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിന്റെ ഭാഗമാകുന്നത്.

ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ വിരുതുകാണിക്കുന്ന കമ്മിന്‍സ് ഒമ്പതാം നമ്പറില്‍ ഇറങ്ങുമ്പോള്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം കഗീസോ റബാദ പത്താം നമ്പറിലും സ്ഥാനം പിടിച്ചു. ഇംഗ്ലണ്ട് ഇതിഹാസ താരം സ്റ്റുവര്‍ട്ട് ബ്രോഡാണ് ടീമിലെ 11ാം താരം.

 

 

ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ ടെസ്റ്റ് ഇലവന്‍

ഉസ്മാന്‍ ഖവാജ (ഓസ്‌ട്രേലിയ)

ദിമുത് കരുണരത്‌നെ (ശ്രീലങ്ക)

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)

ലോര്‍കന്‍ ടക്കര്‍ – വിക്കറ്റ് കീപ്പര്‍ (അയര്‍ലന്‍ഡ്)

രവീന്ദ്ര ജഡേജ (ഇന്ത്യ)

ആര്‍. അശ്വിന്‍ (ഇന്ത്യ)

പാറ്റ് കമ്മിന്‍സ് – ക്യാപ്റ്റന്‍ (ഓസ്‌ട്രേലിയ)

കഗീസോ റബാദ (സൗത്ത് ആഫ്രിക്ക)

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്)

 

Content highlight: Cricket Australia’s best test eleven of 2023