national news
തൊഴില്‍ ചൂഷണം; സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 11, 11:04 am
Friday, 11th November 2022, 4:34 pm

തിരുവനന്തപുരം: ഡിജിറ്റല്‍ സമ്പദ്‌രംഗത്ത് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ.എം. ഓണ്‍ലൈന്‍ കുത്തകകളായ ഒല, യൂബര്‍ അര്‍ബന്‍ കമ്പനി, സ്വിഗി, സൊമാറ്റോ, സെപ്‌റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തന്‍ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനികള്‍ അവരുടെ ആധിപത്യം ഉറപ്പിക്കുന്നത് ഡിജിറ്റല്‍ പശ്ചാത്തലസൗകര്യങ്ങളുടെ നിയന്ത്രണം കൈവരിച്ചുകൊണ്ടാണ്. കമ്പനികളുടെ ആപ്പുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെയും ഡെലിവറി ചെയ്യുന്നതവരെയും തൊഴിലാളികളായി പരിഗണിക്കുന്നതിന് പകരം പാര്‍ട്ട് ടൈമര്‍മാരായാണ് നാമകരണം ചെയ്യുന്നത്.

 

തൊഴിലാളികളില്‍ നിന്നും ഹോട്ടല്‍ ഉടമകളില്‍ നിന്നും കമ്മീഷനായാണ് ആപ്ലിക്കേഷന്റെ വാടക ഇനത്തില്‍ പണം വാങ്ങുന്നത്. ഈ മേഖലയില്‍ വലിയ ചൂഷണമാണ് തൊഴിലാളികള്‍ നേരിടുന്നത്.

ജോലിസമയം, ജോലിസ്ഥലം, ജോലി ചെയ്യാനുള്ള ഉപകരണങ്ങള്‍ എന്നതെല്ലാം കമ്പനിക്ക് തോന്നുന്നതുപോലെയാണ്.

ഇത്തരം അനൗപചാരിക മേഖലയിലെ ചൂഷണം അവസാനിപ്പിക്കുവാന്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ച് കൂട്ടായ വിലപേശലിന് തൊഴിലാളികള്‍ ഒരുമിച്ച് അണിനിരക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.