സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുധാകരന്‍ പറഞ്ഞതില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം: സി.പി.ഐ.എം
Kerala News
സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുധാകരന്‍ പറഞ്ഞതില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th November 2022, 9:19 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ. സുധാകരന്റെ പ്രസ്താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ തന്നെ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ. സുധാകരനാണ് ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ്.ആര്‍. ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപി.സി.സി പ്രസിഡന്റ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ. സുധാകരന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ ഗൗരവതരമായ വിഷയമാണ് ഗവര്‍ണര്‍ ഉന്നയിച്ചിട്ടുള്ളതെന്നും, ഉത്തരേന്ത്യയിലെ പോലെ കാവിവല്‍ക്കരണം ഇവിടയില്ലെന്നുമായിരുന്നു കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.