ന്യൂദല്‍ഹി: എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിലൂടെ ചരിത്ര സിലബസ് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. സിലബസ് യുക്തിസഹമാക്കാനും വിദ്യാര്‍ത്ഥികളുടെ ഭാരം കുറക്കാനുമാണ് ഇത് ചെയ്തതെന്ന എന്‍.സി.ഇ.ആര്‍.ടി മേധാവിയുടെ വിചിത്രമായ വാദം തികച്ചും തെറ്റിദ്ധാരണാജനകവും വര്‍ഗീയമായ രീതിയില്‍ ചരിത്രം തിരുത്തിയെഴുതാനുള്ള പദ്ധതിയുടെ ഭാഗവുമാണെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഗീയ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നത് കേന്ദ്രസര്‍ക്കാര്‍ വിസ്മരിക്കുകയാണ്. മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും ഒഴിവാക്കി ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ഭൂരിപക്ഷ ചിന്താഗതിയെയാണ് ഇത് അടിവരയിടുന്നതെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പറഞ്ഞു.
‘പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭിന്നിപ്പുണ്ടാക്കിയ ആര്‍.എസ്.എസിന്റെ അക്രമാസക്തമായ പങ്കിനെ വെള്ളപൂശാന്‍ ഉദ്ദേശിച്ചുള്ളതാണെന്നത് സംഘടനയുടെ നിരോധനത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട നിര്‍ണായക വാക്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിയില്‍ നിന്ന് വ്യക്തമാണ്.
നീതീകരിക്കാനാകാത്ത ഈ തീരുമാനങ്ങള്‍ തിരുത്താനും പഴയ പാഠപുസ്തകങ്ങള്‍ പുനഃസ്ഥാപിക്കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. ചരിത്രത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനത്തെ സംരക്ഷിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ഇന്ത്യന്‍ ദേശസ്‌നേഹികളോടും അവരുടെ പ്രതിഷേധ ശബ്ദം ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നു,’ സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.