ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാത്രി ഒന്‍പതിനു ഒന്‍പത് മിനിട്ട് ലൈറ്റുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. രാജ്യത്തെ ഇരുട്ടിലാക്കാന്‍ നടത്തിയ ആഹ്വാനം പ്രധാനമന്ത്രി ഉടന്‍ പിന്‍വലിക്കണമെന്നും പി.ബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകള്‍ ഒരേസമയം കൂട്ടത്തോടെ അണച്ചാല്‍ എന്താണ് സംഭവിക്കുക? ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകര്‍ച്ചയിലെത്തും. 2012 ജൂലൈയില്‍ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും’, പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗ്രിഡിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന് ദിവസം വേണ്ടിവരുമെന്നും വൈറസിനെതിരെ നിര്‍ണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തില്‍ ഈ സ്ഥിതി രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ഇതര ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചിന്തിക്കേണ്ടതാണെന്നും പി.ബി ആവശ്യപ്പെട്ടു. എല്ലാവരും വീടുകളില്‍ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കുമെന്നും പി.ബി ചോദിച്ചു.
ഗ്രിഡിനുണ്ടാകുന്ന അപകടത്തെക്കുറിച്ച് ദേശീയ-സംസ്ഥാന ഗ്രിഡുകള്‍ ഇതിനകം കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ അപകടത്തിലാക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.ബി വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ