ആലപ്പുഴ: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ ഒരു വിഭാഗം പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് സി.പി.ഐ.എം. പ്രകടനത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
സി.പി.ഐ.എം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. ബ്രാഞ്ച് സെക്രട്ടറിമാരായ പി. പ്രദീപ്, പി. പി മനോജ്, സുകേഷ് എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്. കൂടുതല്‍ പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകും.
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റിയെന്ന് അറിയിച്ചു.
19 പാര്‍ട്ടി മെമ്പര്‍മാരോടും വിശദീകരണം ചോദിച്ചിരുന്നു. ഇവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേക്ക് കടന്നത്.
നെഹ്രു ട്രോഫി വാര്‍ഡിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള അംഗങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അവിടെ നിന്നുള്ള കൗണ്‍സിലറും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ. കെ ജയമ്മയെ അധ്യക്ഷയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രതിഷേധ പ്രകടനം നടത്തിയത്. ജയമ്മയ്ക്ക് പകരം സൗമ്യാ രാജിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്.
പാര്‍ട്ടി നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിച്ചുവെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍ സൗമ്യാ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നായിരുന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.
അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക