തിരുവനന്തപുരം: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കോടിയേരി പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു കോടിയേരിയുടെ പ്രതികരണം.
മതവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുന്ന ഒന്നും ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യില്ലെന്നും ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരിമലയില്‍ കയറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അത് നടപ്പാക്കിയോ ? വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. വിധി വരുന്നതുവരെ കാത്തിരുന്നേ പറ്റൂ. യുവതി പ്രവേശത്തില്‍ സി.പി.ഐ.എമ്മിന് കടുംപിടിത്തമില്ല,’ കോടിയേരി പറഞ്ഞു.
ഹിന്ദുക്കളുടെയാണെങ്കിലും മുസ്‌ലിം മതവിശ്വാസികളുടെയാണെങ്കിലും മതവിശ്വാസങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ടാണ് ബാബരി മസ്ജിദ് പൊളിച്ചതിനെ പാര്‍ട്ടി എതിര്‍ത്തതെന്നും കോടിയേരി പറഞ്ഞു.
‘ഒരു പള്ളി എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ആ പള്ളി പൊളിച്ചവരാണ് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ രംഗത്തെത്തിയിരിക്കുന്നത്. അവര്‍ക്ക് അപ്പോള്‍ ഒരു വിശ്വാസത്തിന് വേണ്ടി മാത്രമല്ലേ നില്‍ക്കുന്നുള്ളു? എന്നാല്‍ ഞങ്ങള്‍ എല്ലാ മതവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്നു’, കോടിയേരി പറഞ്ഞു.