പശുവിറച്ചി പാടത്ത് തൂക്കിയിട്ട നിലയില്‍, ബുലന്ദ്ശഹര്‍ കലാപം ആസൂത്രിതമെന്ന് സംശയം
Bulandshahr violence
പശുവിറച്ചി പാടത്ത് തൂക്കിയിട്ട നിലയില്‍, ബുലന്ദ്ശഹര്‍ കലാപം ആസൂത്രിതമെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:32 am

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ പൊലീസ് ഓഫീസറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട അക്രമസംഭവം മുന്‍കൂട്ടി ആസുത്രണം ചെയ്തതെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ ചേര്‍ത്ത് ന്യൂസ് 18 റിപ്പോര്‍ട്ടാണ് സംഘപരിവാര്‍ ആസൂത്രണത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളാണ് തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍. അദ്ദേഹം സംഭവസ്ഥലത്ത് കണ്ട കാഴ്ചകളെ വിശദീകരിക്കുന്നതിങ്ങനെയാണ്.

“”ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നു. പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.””

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിച്ചു.

ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്‌ലിം വിഭാഗമായ തബ്‌ലീഗ് ജമാഅത്തിന്റെ “ഇജ്‌തെമാഅ്” പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം “ഇജ്‌തെമാഅ്” പരിപാടിയെ ലക്ഷ്യം വെച്ചുള്ള സംഘര്‍ഷമല്ല നടന്നതെന്ന് യു.പി പൊലീസ് പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ 45-50 കിലോമീറ്റര്‍ ദൂരത്താണ് സംഘര്‍ഷമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

മഹൗവില്‍ ട്രാക്ടറിന് മുന്നില്‍ നിന്ന പൊലീസ് പ്രതിഷേധക്കാരോട് സംയമനം പാലിക്കാനും പ്രശ്‌നം ഗ്രാമത്തില്‍ തന്നെ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം അതുകേട്ടില്ല. ഈ സമയത്ത് ഹൈവേയിലുള്ള ചിന്‍ഗ്രാവതി പൊലീസ് പോസ്റ്റിന് മുന്നിലേക്ക് ട്രാക്ടറുകളിലായി കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു.

11 മണിയോടെ ചിന്‍ഗ്രാവതിയിലെ സൈയാനയില്‍ ഇരുപതിനടുത്ത് പശുക്കളുടെ അവശിഷ്ടം കൂടി കണ്ടെടുത്തെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് ഝായ്ക്ക് വിവരം ലഭിച്ചു. ഈ അവശിഷ്ടങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടവരെ ചോദ്യം ചെയ്യുന്നതിനിടെ ചിലര്‍ സംഘര്‍ഷമുണ്ടാക്കുകയും പോലീസിനെതിരെ കല്ലേറുണ്ടാവുകയും ചെയ്തു.

ഈ സംഘര്‍ഷത്തിലാണ് ദാദ്രി കൊലപാതകം അന്വേഷിച്ച എസ്.ഐ സുബോധ് കുമാര്‍ സിങ്ങിനെ പ്രതിഷേധക്കാര്‍ വെടിവെച്ചത്. ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാമെന്നിരിക്കെ സുബോധ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊലീസിനെ അക്രമിച്ചവരില്‍ ഭൂരിപക്ഷവും ബജ്‌റംഗദള്‍, ഹിന്ദുയുവവാഹിനി, ശിവസേന പ്രവര്‍ത്തകരാണെന്ന് പൊലീസ് ന്യൂസ് 18നോട് വ്യക്തമാക്കിയിട്ടുണ്ട്.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന പാടത്ത് തലേദിവസം ഒന്നും കണ്ടിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ ചാനലിനോട് പറഞ്ഞു. ആരും ഇറച്ചിവെട്ടുന്നത് കണ്ടിരുന്നില്ല. തിങ്കളാഴ്ച മാത്രമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടതെന്ന് പ്രദേശവാസി പറയുന്നു.