ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിലെ വര്‍ധന സൂചിപ്പിക്കുന്നത് വൈറസിന്റെ രണ്ടാം വ്യാപനമായിരിക്കാമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. പ്രാദേശികമായുണ്ടായിട്ടുള്ള ഈ വ്യാപനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കിടെ പ്രതിദിന കൊവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. പുതിയ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് വൈറസ് ബാധിതരുടെ എണ്ണം ഉയരാന്‍ കാരണം. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകമാകാനുള്ള സാധ്യത കൂടുതലാണെന്നും രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.
അതേസമയം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് ഓണ്‍ലൈന്‍ യോഗം നടക്കുക.
ഈ വര്‍ഷം ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ രോഗം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്.
ജനുവരിയോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 10,000-ല്‍ താഴെ വന്നിരുന്നു. എന്നാല്‍ പിന്നീട് രോഗബാധ വര്‍ധിക്കുകയായിരുന്നു. തിങ്കളാഴ്ച രാജ്യത്ത് 26,291 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 85 ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്ത് കൊവിഡ് 19 വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണം കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക