ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ ആദ്യമെത്തിക്കേണ്ടത് ഏത് സംസ്ഥാനത്തിനാണെന്നറിയാന്‍ സംസ്ഥാനങ്ങളോട് കൊവിഡ് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം സംസ്ഥാനങ്ങളെ അറിയിച്ചത്.
കൊവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളെ കൃത്യമായി അറിയുന്നതിന് വേണ്ടിയാണ് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരുന്നുകള്‍ കിട്ടിത്തുടങ്ങുന്ന പക്ഷം അത് വേഗത്തില്‍ വിതരണം ചെയ്യുമെന്നും സോഷ്യല്‍ മീഡിയ സംവാദ പരിപാടിയായ ‘സണ്‍ഡേ സംവാദി’ല്‍ പങ്കെടുക്കവെ ആരോഗ്യമന്ത്രി പറഞ്ഞു.
2021 ആദ്യപകുതിയോടെ 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
2021 ജൂലൈ ആകുമ്പോഴെക്കും രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. ഇതിനായി 400 മുതല്‍ 500 ദശലക്ഷം വാക്സിന്‍ ഉപയോഗിക്കും. വാക്സിനുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ അവയെ തുല്യവും ന്യായമായതുമായ രീതിയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കും- അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും വാക്സിന്‍ ഉറപ്പാക്കുന്നതിലാണ് സര്‍ക്കാരിന്റെ മുന്‍ഗണന. എന്നാല്‍ ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സിന്‍ നല്‍കുന്നതില്‍ പ്രാധാന്യം നല്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാക്സിനുകള്‍ വിതരണം ചെയ്യുന്നതില്‍ യാതൊരു ക്രമക്കേടുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ഗണനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ നല്‍കും. വിതരണം സംബന്ധിച്ച കാര്യങ്ങള്‍ വരും മാസങ്ങളില്‍ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്‌സിന്റെ പരീക്ഷണം നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക