കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി.
എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു.
യു.എ.ഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടിയത്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്ന് ഇ.ഡി നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ പ്രതിയായിരുന്നില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും ശിവശങ്കര്‍ പ്രതിയായിരുന്നില്ല. 35 പേരെയാണ് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തിട്ടുള്ളത്. യു.ഇ.എ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഫരീദ് ആണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍.ഐ.എ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ശിവശങ്കറിനെ ഇതുവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നത്. യു.എ.പി.എ ചുമത്തിയ ഭീകരവാദ കേസുകളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. അതില്‍ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ലെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയില്‍ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്നാണ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതിലെ കമ്മിഷന്‍ ആണെന്നാണ് ഇ.ഡി കോടതിയില്‍ വാദിച്ചത്.
ഈ പണം ശിവശങ്കറിനുള്ളതാണെന്നും ഇ.ഡിക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയില്‍ പറഞ്ഞു. എന്‍.ഐ.എ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കു വിരുദ്ധമാണ് ഇതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ ബി രാമന്‍ പിള്ള കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തുന്നത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് ജയില്‍ മേധാവിയുടെ അനുമതി തേടും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക