സൂറത്ത്: നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ)യുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെയും വെറുതെ വിട്ട് കോടതി.
20 വര്‍ഷം നീണ്ട് നിന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എ.എന്‍ ധവ അറസ്റ്റിലായ മുഴുവന്‍ പേരെയും വെറുതെ വിട്ടത്. 2001 ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യുകയും 127 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സൂറത്ത് രാജശ്രീ ഹാളില്‍ 2001 ഡിസംബര്‍ 27ന് മൈനോറിറ്റീസ് എഡ്യുക്കേഷണല്‍ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു 127 പേര്‍ പങ്കെടുത്തത്. എന്നാല്‍ ഇത് സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.
എന്നാല്‍ ആരോപണ വിധേയര്‍ക്ക് എതിരായി കുറ്റം തെളിയിക്കാന്‍ ആയില്ലെന്നും കുറ്റാരോപിതര്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്യപ്പെട്ട 127 പേരില്‍ അഞ്ച് പേര്‍ ഇതിനോടകം മരണപ്പെട്ടു. യു.എ.പി.എ പ്രകാരം പ്രതികളെ കുറ്റവാളികളാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 2001 സെപ്റ്റംബര്‍ 27 ന് ആയിരുന്നു സിമി നിരോധിച്ചത്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടവര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക