Film News
കണ്ണൂര്‍ സ്‌ക്വാഡിലെ ആ രംഗം ചെയ്തതിന് ശേഷം രണ്ട് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല: അര്‍ജുന്‍ രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 23, 05:54 pm
Thursday, 23rd November 2023, 11:24 pm

കണ്ണൂര്‍ സ്‌ക്വാഡിലെ രാത്രിയില്‍ ഷൂട്ട് ചെയ്ത വീട്ടിലെ രംഗം കഴിഞ്ഞ് തനിക്ക് രണ്ട് ദിവസം ഉറങ്ങാന്‍ സാധിച്ചില്ലെന്ന് നടന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. ആ രംഗത്തിന് ശേഷം ചെലവഴിച്ച നാലഞ്ച് മണിക്കൂര്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുന്‍ രാധാകൃഷ്ണനായിരുന്നു.

‘വീട്ടില്‍ വെച്ച് രാത്രിയില്‍ എടുത്ത സീന്‍ ചെയ്തുകഴിഞ്ഞ് എനിക്ക് രണ്ട് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. അഭിനയമാണ് ചെയ്യുന്നത്. പക്ഷേ ശരീരം ഒരു ആക്ഷന്‍ ചെയ്യുകയാണല്ലോ. അത് ചെയ്ത് കഴിഞ്ഞുള്ള നാലഞ്ച് മണിക്കൂര്‍ ഒട്ടും എളുപ്പമായിരുന്നില്ല,’ അര്‍ജുന്‍ പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തില്‍ ചിലപ്പോള്‍ നമ്മളെക്കൊണ്ട് ഒരു കൊലപാതകം ചെയ്യാന്‍ പറ്റില്ലെന്നും പക്ഷേ സിനിമയില്‍ ചെയ്യുമ്പോള്‍ ആ ക്യാരക്ടര്‍ ചെയ്യുന്ന ഫീല്‍ കിട്ടുമെന്നുമാണ് ചിത്രത്തില്‍ മറ്റൊരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ധ്രുവന്‍ പറഞ്ഞത്. താനൊരു സൈക്കോ ആയിട്ടല്ല ഇത് പറയുന്നതെന്നും ധ്രുവന്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിന് നിരൂപക പ്രശംസക്കൊപ്പം ബോക്‌സ് ഓഫീസിലും വിജയം ലഭിച്ചിരുന്നു.

നവംബര്‍ 17ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ പ്രശംസയാണ് അന്യഭാഷ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. തിയേറ്ററില്‍ റിലീസ് സമയത്ത് സംഭവിച്ചത് പോലെ മികച്ച മൗത്ത് പബ്ലിസിറ്റി ഒ.ടി.ടിയിലും കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചിരുന്നു.

ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Couldn’t sleep for two nights after doing that scene in Kannur Squad, says Arjun Radhakrishnan