കഫ് സിറപ്പില്‍ വിഷാംശം; ഉസ്ബക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കും
India
കഫ് സിറപ്പില്‍ വിഷാംശം; ഉസ്ബക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th March 2023, 10:46 pm

ന്യൂദല്‍ഹി: ഉസ്ബക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരണപ്പെട്ടു എന്ന ആരോപണത്തില്‍ നടപടി. ഡോക്-1 കഫ്‌സിറപ്പ് നിര്‍മാതാക്കളായ മരിയോണ്‍ ബയോടെക്കിനെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കമ്പനിയുടെ ഉല്‍പാദന ലൈസന്‍സ് റദ്ദാക്കും. സിറപ്പില്‍ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 36 സാമ്പിളില്‍ 22 എണ്ണത്തിലും ഈഥലൈന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് മൂന്ന് കമ്പനി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉസ്ബക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് സിറപ്പ് കാരണമായെന്ന് ആരോപണമുയര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഈ കമ്പനിയുടെ സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ലൈസന്‍സില്ല.

നേരത്തെ ഗാംബിയയിലും ഇന്ത്യന്‍ കമ്പനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരണപ്പെട്ടു എന്ന ആരോപണമുയര്‍ന്നിരുന്നു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ച കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതെന്ന ആരോപണമാണ് ഉയര്‍ന്നത്.

രണ്ട് കമ്പനികളും ഉസ്ബക്കിസ്ഥാനിലും ഗാംബിയയിലും വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ലോകാരോഗ്യ സംഘടനകള്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയ
എഥിലീന്‍ ഗ്ലൈക്കോളും ഡൈ എത്തിലീന്‍ ഗ്ലൈക്കോളും ചേര്‍ന്നിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ വൈഭവ് ബബ്ബര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗാംബിയയില്‍ 70 കുട്ടികളും ഉസ്ബക്കിസ്ഥാനില്‍ 19 കുട്ടികളുമാണ് മരിച്ചത്.

ചട്ടങ്ങള്‍ ലംഘിച്ചതിന് മഹാരാഷ്ട്രയിലെ ആറ് കഫ് സിറപ്പ് നിര്‍മാതാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ 108 കഫ് സിറപ്പ് നിര്‍മ്മാതാക്കളില്‍ 84 പേര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി റാത്തോഡ് പറഞ്ഞു. ഇതില്‍ നാലെണ്ണത്തിന് ഉല്‍പാദനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആറ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചതിന് 17 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: cough syrup was found to be toxic, The production license of marion biotech will be cancelled