കുല്‍ദീപിന്റെ ലൈംഗികാതിക്രമത്തിന് പിന്നാലെ ഉന്നാവോ പെണ്‍കുട്ടി വീണ്ടും ആക്രമിക്കപ്പെട്ടു; മുന്‍ ബി.ജെ.പി എം.എല്‍.എയുടെ സഹായികളെ പ്രതിചേര്‍ത്ത് സി.ബി.ഐ
India
കുല്‍ദീപിന്റെ ലൈംഗികാതിക്രമത്തിന് പിന്നാലെ ഉന്നാവോ പെണ്‍കുട്ടി വീണ്ടും ആക്രമിക്കപ്പെട്ടു; മുന്‍ ബി.ജെ.പി എം.എല്‍.എയുടെ സഹായികളെ പ്രതിചേര്‍ത്ത് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2019, 8:04 am

ഉന്നാവോ ലൈംഗികാധിക്രമ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത മൂന്നുപേര്‍ക്കെതിരെയാണ് കുറ്റപത്രം.

ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാള്‍ ലൈംഗികാതിക്രമം നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിങ് എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോയതിനും ശുഭം സിങിനെതിരെ ലൈംഗിക അതിക്രമത്തിനുമാണ് പ്രതിപ്പട്ടികയില്‍ പേരുചേര്‍ത്തിരിക്കുന്നത്. മുഖ്യപ്രതി കുല്‍ദീപ് സിങിന്റെ സഹായിയായ ശശി സിങിന്റെ മകനാണ് ശുഭം സിങ്.

സി.ബി.ഐയുടെ റിപ്പോര്‍ട്ട് ഇങ്ങനെ, 2017 ജൂണ്‍ 17ന് പെണ്‍കുട്ടി കൂട്ട ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്. ആ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. കുല്‍ദീപ് സിങ് ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കൂട്ട അതിക്രമത്തിന് ഇരയാക്കിയത്.

സംഭവത്തെത്തുടര്‍ന്ന് വ്യാപകപ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ആഗസ്റ്റില്‍ കേസിലെ മുഖ്യ പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിട്ടും അദ്ദേഹത്തെ ജയിലിലടച്ചപ്പോഴും ബി.ജെ.പി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി കുല്‍ദീപിനെ പുറത്താക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉന്നാവോ അപകടത്തിന് പിന്നാലെ സെന്‍ഗാറിനെതിരെ സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതോടെയാണ് ഇയാളെ പുറത്താക്കാന്‍ ബി.ജെ.പി നേതൃത്വം നിര്‍ബന്ധിതരായത്.

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉണ്ടായിട്ടും എന്തുകൊണ്ടാണ് എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി വൈകുന്നത് എന്നതിന്റെ വ്യക്തമായ ഉത്തരമായിരുന്നു താക്കൂര്‍ ലോബി.

പ്രമുഖ താക്കൂര്‍ നേതാവായ സെന്‍ഗാറിനെ മണ്ഡലമായ ബെംഗര്‍മോയിലെ പാര്‍ട്ടി അണികള്‍ വിളിക്കുന്നത് ‘ബാഹുബലി’ എന്നാണ്.മുന്‍പ് പല പാര്‍ട്ടികളിലും പ്രവര്‍ത്തിച്ച സെന്‍ഗാറിനെ പാര്‍ട്ടിയിലെത്തിക്കുമ്പോള്‍ ബി.ജെ.പി ആലോചിച്ചതും താക്കൂര്‍ വിഭാഗത്തിന്റെ പിന്തുണയെക്കുറിച്ചാണ്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതില്‍ പ്രധാന പങ്കും താക്കൂര്‍ വിഭാഗക്കാരനായ സെന്‍ഗാറിനുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ