സ്റ്റോക്ക്‌ഹോം: നൊബേല്‍ പുരസ്‌കാര വിതരണത്തില്‍ വംശീയതയും ലിംഗവിവേചനവുമുണ്ടെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ന്യൂസിലാന്‍ഡ് ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയുമായ ലോറി വിങ്ക്ള്‍സ് കഴിഞ്ഞ ദിവസം നൊബേല്‍ സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയതോടെയാണ് നൊബേല്‍ പുരസ്‌കാര വിതരണത്തിലെ വിവേചനവും പക്ഷപാതവും വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
സാഹിത്യം, ഭൗതികശാസ്ത്രം, സമാധാനം, സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം തുടങ്ങി വിവിധ മേഖലകളിലായി ഈ വര്‍ഷം വിതരണം ചെയ്ത നൊബേല്‍ പുരസ്‌കാരം നേടിയവരില്‍ സമാധാനത്തിനുള്ള നൊബേല്‍ നേടിയ മരിയ റസ്സെ മാത്രമാണ് ഏക വനിത.
നൊബേല്‍ സമ്മാന വിതരണത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 1901ല്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ ആകെ 975 പേര്‍ക്ക് പുരസ്‌കാരം നല്‍കിയപ്പോള്‍ അതില്‍ 59 വനിതകള്‍ മാത്രമാണുള്ളത്. അതായത് 90 ശതമാനത്തിലേറെയും നൊബേല്‍ ജേതാക്കള്‍ പുരുഷന്മാരാണ്.
2021ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ശാസ്ത്രവിഷയങ്ങളിലൊന്നിലും സ്ത്രീകള്‍ക്ക് നൊബേല്‍ ലഭിച്ചിരുന്നില്ല. പടിഞ്ഞാറന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പ്രകൃതി ശാസ്ത്ര പ്രൊഫസര്‍മാരില്‍ 10 ശതമാനം മാത്രമാണ് സ്ത്രീകള്‍ എന്ന കണക്കും പുരസ്‌കാര വിതരണത്തില്‍ സ്ത്രീകള്‍ ആദരിക്കപ്പെടാതെ പോകുന്നതുമാണ് വിവിധ കോണുകളില്‍ നിന്നും പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പുരസ്‌കാര ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ ഒരു തരത്തിലുള്ള പക്ഷപാതവുമില്ലെന്ന് പുരസ്‌കാര സമിതി പ്രതികരിച്ചു. ഏറ്റവും അര്‍ഹരായവര്‍ക്ക് പുരസ്‌കാരം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അര്‍ഹരായ സ്ത്രീകള്‍ ആദരിക്കപ്പെടുമെന്ന് ഭാവിയില്‍ ഉറപ്പാക്കുമെന്നും റോയല്‍ സ്വീഡിഷ് അക്കാദമി സെക്രട്ടറി ജനറല്‍ ഗൊരാന്‍ ഹാന്‍സണ്‍ പറഞ്ഞു.
അതേസമയം നൊബേല്‍ പുരസ്‌കാര നിര്‍ണയത്തില്‍ ലിംഗപരമായോ വംശീയമായോ സംവരണ രീതി കൊണ്ടുവരില്ലെന്നും ഹാന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
1903ല്‍ ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ മേരി ക്യൂറിയാണ് നൊബേല്‍ നേടുന്ന ആദ്യ വനിത. 1911ല്‍ രസതന്ത്രത്തിലും നൊബേല്‍ നേടിയതോടെ ഒന്നിലധികം നൊബേല്‍ കരസ്ഥമാക്കുന്ന ഏക വനിതയായും മേരി ക്യൂറി മാറി.
2020ല്‍ രസതന്ത്രത്തില്‍ ഇമ്മാനുവല്‍ കാര്‍പന്റിയ ജെന്നിഫര്‍ ദൂദ്‌ന എന്നിവരും ഭൗതിക ശാസ്ത്രത്തില്‍ ആന്‍ഡ്രിയ ഗിസുമായിരുന്നു ശാസ്ത്രരംഗത്തെ നൊബേല്‍ പുരസ്‌കാരങ്ങളിലെ സ്ത്രീസാന്നിധ്യം. എന്നാല്‍ ഈ വര്‍ഷം അത് സമാധാനപുരസ്‌കാരത്തില്‍ മാത്രം ഒതുങ്ങി.