തിരുവനന്തപുരം: കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ തന്നെ പുകച്ചിലുണ്ടാക്കുന്ന അവസ്ഥയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. മുരളീധരന്‍ എം.പിയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആന്റണിയെ പിന്തുണച്ചെത്തിയപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മൃദുഹിന്ദുത്വ പ്രസ്താവന തള്ളിക്കൊണ്ടാണ് രംഗത്തെത്തിയത്.
എ.കെ ആന്റണിയുടെ പ്രസ്താവനയെ നൂറ് ശതമാനവും പിന്തുണക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. യഥാര്‍ഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞതെന്നും, എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് സതീശന്‍ പറഞ്ഞത്.
ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല. അത്തരക്കാരെ സംഘപരിവാറാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമെ പ്രയോജനപ്പെടൂ. മഹാഭൂരിപക്ഷം ആളുകളും വര്‍ഗീയതക്കും സംഘപരിവാര്‍ ശക്തികള്‍ക്കും എതിരാണ്. പള്ളികളില്‍ പോകുന്നത് പോലെ തന്നെയാണ് അമ്പലത്തിലും പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മൃദുഹിന്ദുത്വം എന്നൊന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആന്റണിയുടെ പ്രസ്താവനക്ക് പിന്തുണയുമായി കെ. മുരളീധരന്‍ എം.പി എത്തിയത്. രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബി.ജെ.പിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ട്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും മുരളീധരന്‍ എം.പി പറഞ്ഞു.
ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എ.കെ. ആന്റണിയുടെ പ്രസ്താവനയെന്ന് പറഞ്ഞുകൊണ്ടാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി ആവില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബി.ജെ.പി ആകുമോ? അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ബി.ജെ.പിയെ ചിത്രീകരിക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നതിനേയാണ് ആന്റണി എതിര്‍ത്തതെന്നുമാണ് ചെന്നിത്തല പറഞ്ഞത്. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമെന്ന് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സാമുദായിക സംഘടനയല്ലെന്നും, ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോയുള്ള നിലപാട് സ്വീകരിക്കാന്‍ ആകില്ല. എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് കോണ്‍ഗ്രസിന്റേതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ആന്റണിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സി.പി.ഐ.എം, ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് ആന്റണിയുടെ വാക്കുകളെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ബി.ജെ.പിയുടെ സെക്കന്‍ഡ് ടീം എന്ന രീതിയിലാണ് കോണ്‍ഗ്രസ് പലപ്പോഴും നിലപാടെടുക്കുന്നത്. മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല ആന്റണി ചെയ്തത്. അത് സ്വീകരിക്കണമെന്നാണ് പറയുന്നത്. ഈ നിലപാടിനെ ഞങ്ങള്‍ പണ്ടേ വിമര്‍ശിക്കുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിങ്ങളെ തൂത്തുവാരാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിലാണ് ഹിന്ദുക്കള്‍ക്ക് തുല്യനീതിയില്ലേയെന്ന് ആന്റണി ചോദിക്കുന്നതെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ആന്റണിയുടെ ചോദ്യത്തില്‍ സമര്‍ത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
കോണ്‍ഗ്രസിന്റെ പരിതാപകരമായ സ്ഥിതിയെക്കുറിച്ച് എ.കെ.ആന്റണിക്ക് തിരിച്ചറിവുണ്ടായതില്‍ സന്തോഷമുണ്ടെന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവായ വി.മുരളീധരന്‍ പറഞ്ഞത്. ബി.ജെ.പിയെ താഴെയിറക്കാന്‍ ഹിന്ദുവിഭാഗങ്ങളെയും ഒപ്പം നിര്‍ത്തണമെന്ന ആന്റണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വിശ്വാസവും ആചാരവും ഉപയോഗിക്കുന്ന അവസരവാദം ജനം തിരിച്ചറിയുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പുറമേക്ക് ഭൂരിപക്ഷപ്രേമം പറയുകയും ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുകയും ചെയ്യുന്ന സമീപനമാണ് ആന്റണിയും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.
അതേസമയം, കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്നാണ് ആന്റണി പറഞ്ഞത്. ‘മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍പോയാല്‍, നെറ്റിയില്‍ തിലകം ചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ അവരെ ഉടന്‍തന്നെ മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടിയാകും. ഈ സമീപനം മോദിയെ വീണ്ടും ഭരണത്തിലെത്തിക്കാനെ സഹായിക്കുകയുള്ളൂ,’ എന്നും ആന്റണി പറഞ്ഞു.
മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആന്റണി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകവാര്‍ഷികാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ആന്റണിയുടെ ഈ പരാമര്‍ശം.