Discourse
അടക്കാതെ പോയ കല്ലറ!
നൂറ്റാണ്ട് പിന്നിട്ട കോളേജാണ്, കോട്ടയത്തെ സി.എം.എസ് കോളേജ്. മിഷണറിമാര്‍ കേരളത്തിലെ ആദ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്ന കാലത്ത് ഇവിടെ നിലമൊരുക്കാനും കാടുവെട്ടാനും പുല്ലരിയാനും ശാരീരികാധ്വാനം ആവശ്യമായി വരുന്ന മറ്റു പലവിധ ജോലികള്‍ക്കുമായി കുറേപ്പേര്‍ ചുങ്കത്ത് താമസമാക്കി. അവര്‍ക്ക് പിന്നീട് സി.എസ്.ഐ സഭ അഞ്ചുസെന്റ് സ്ഥലം വീതം വീടുവച്ചു നല്‍കി.
ബേക്കര്‍ ജംഗ്ഷനില്‍നിന്ന് കോളേജ് ക്യാമ്പസിനു മുന്നിലൂടെവന്ന് ചാലുകുന്നു ചുറ്റി ചുങ്കത്തേയ്ക്ക് ഇറങ്ങുന്ന ചെറിയ വഴിയില്‍ സെമിത്തേരിയുടെ പിന്നിലായി സ്ഥാപിച്ച കോളേജ് മാലി, നാഗമ്പടത്തു നിന്ന് ചുങ്കത്തേക്ക് കോളേജ് ക്യാമ്പസിന്റെ പിന്നിലൂടെ പോകുന്ന വഴിയിറമ്പില്‍ മീനച്ചിലാറിന്റെ തീരത്തായുള്ള ആറ്റുമാലി, തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചത്. ഇവരെല്ലാം മിഷണറിമാരുടെ സ്വാധീനത്താല്‍ സി.എസ്.ഐ സഭാംഗങ്ങളുമായി. അവരില്‍ ചിലരുടെയെങ്കിലും പിന്‍തലമുറ ഇപ്പോഴും സി.എം.എസ് കോളേജില്‍ സ്റ്റാഫ് ആയുണ്ട്.\
സി.എം.എസ് കോളേജ്
അന്ന് അവിടെ കുടിയേറിപ്പാര്‍ത്ത തൊഴിലാളികളുടെ രണ്ടാംതലമുറയിലോ മൂന്നാം തലമുറയിലോ പെട്ട ആളാണ് ഔസേഫ് ജോര്‍ജ്ജ്. ദീര്‍ഘകാലം കോട്ടയം മുനിസിപ്പാലിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് (സാനിറ്റേഷന്‍) ജീവനക്കാരനായിരുന്നു എന്നാണ് അറിവ്. ഇദ്ദേഹം റിട്ടയര്‍ ചെയ്തിട്ടു തന്നെ മൂന്ന് പതിറ്റാണ്ട് അടുക്കാറാകുന്നു. ഒരു മകന്‍ അര്‍ബുദബാധിതനായി മരിച്ചു. ഒരു മകള്‍ രോഗപീഡ മൂലം കഷ്ടപ്പെടുന്നു. ഭാര്യ പണ്ടേ മരിച്ചു. ദരിദ്രജീവിതം നയിക്കുന്ന ഈ 83 കാരന്‍ വൃദ്ധനാണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കോട്ടയം മുട്ടമ്പലത്തെ വൈദ്യുത ശ്മശാനത്തിലേക്ക് എത്തിച്ചെങ്കിലും ലൂര്‍ദ്ദ് വാര്‍ഡ് കൗണ്‍സിലര്‍ ബി.ജെ.പി നേതാവ് ഹരികുമാറിന്റെ നേതൃത്വത്തില്‍ സമീപവാസികളെ സംഘടിപ്പിച്ച് തടഞ്ഞു. പ്രശ്‌നം പരിഹരിക്കാനെത്തിയ സ്ഥലം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒടുവില്‍ പ്രതിഷേധക്കാരോടൊപ്പം കൂടി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇങ്ങനെ എന്തെല്ലാം ഇനി കാണാനിരിക്കുന്നു. ഏതായാലും രാത്രി വൈകി പൊലീസ് ബന്തവസില്‍ മൃതദേഹം അവിടെത്തന്നെ സംസ്‌കരിച്ചു.
ഹരി ചില്ലറക്കാരനല്ല. ചെറിയാന്‍ ചാക്കോയുടെയും മന്നന്‍ വിനോദിന്റെയുമൊക്കെ വിഹാരകാലത്ത് കോട്ടയം സി.എം.എസില്‍ പഠനം. ഭൂരിപക്ഷം സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എഡിറ്റര്‍ സീറ്റില്‍ അട്ടിമറി വിജയം നേടിയ എ.ബി.വി.പി സ്ഥാനാര്‍ത്ഥി. അതേ ക്യാമ്പസില്‍ അജീഷ് വിശ്വനാഥന്‍ ‘ദണ്ഡപ്രയോഗത്തില്‍’ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പോലും ആയിട്ടുണ്ടാവില്ല. എന്നിട്ടും അവിടെ നിന്ന് എ.ബി.വി.പി പാനലില്‍ ജയിക്കണമെങ്കില്‍ എടുത്ത പണി ഒന്നാലോചിച്ചു നോക്കണം.
ഹരികുമാര്‍
മൃതദേഹം തടഞ്ഞ സംഭവം കേരളമാകെ ചര്‍ച്ചയായി. ഹരി വിശദീകരണവുമായി ഫേസ്ബുക്കില്‍ എത്തിയെങ്കിലും നാട്ടിലാകെ നാറി. ഇനി ഡാമേജ് കണ്‍ട്രോളാണ്. അതിനെന്താണ് എളുപ്പവഴി? അവരുടെ സ്ഥിരം കുത്തിത്തിരിപ്പു തന്നെ. വര്‍ഗീയം!
പരേതനെ കബറടക്കാന്‍ സമ്മതിക്കാതെയിരുന്ന ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്കെതിരെ നടപടിയെടുത്തിട്ടു മതി, ഹരിക്കെതിരെ സംസാരിക്കാന്‍ എന്നാണ് തിട്ടൂരം. ശാന്തം പാപം!
നമുക്കറിയാം, പൊതുശ്മശാനങ്ങള്‍ മാറ്റിവച്ചാല്‍ ജാതിയും മതവും സമുദായവും സഭയും ഒക്കെ തിരിച്ചാണ് നമുക്ക് ശ്മശാനങ്ങള്‍. ക്രിസ്ത്യാനികള്‍ പൊതുവെ കുഴിച്ചിടുകയാണെങ്കിലും കത്തോലിക്കാ സഭ അടുത്തിടെ ഔദ്യോഗികമായി തന്നെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി കൊടുത്തിട്ടുണ്ട്.
ഇദ്ദേഹവും കുടുംബവും മുമ്പ് സി.എസ്.ഐ ആയിരുന്നുവെങ്കിലും 35 വര്‍ഷം മുമ്പ് സഭ മാറുകയും അസംബ്ലീസ് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സഭയില്‍ അംഗങ്ങളാവുകയും ചെയ്തു. കോട്ടയം മാങ്ങാനത്തുള്ള അസംബ്ലീസ് ഓഫ് ഗോഡ് പ്രാര്‍ത്ഥനാ ഹാളിലാണ് ഇദ്ദേഹം സഭ കൂടിയിരുന്നത്. അവര്‍ക്ക് അതിനോടു ചേര്‍ന്നു തന്നെ അഞ്ചാറുസെന്റ് സ്ഥലത്ത് സെമിത്തേരിയുണ്ട്.
പെന്തക്കോസ്തുകാരെ സംബന്ധിച്ചിടത്തോളം മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയൊന്നുമില്ല. കബറടക്കത്തോടു കൂടി പരേതന്റെ പരിപാടി തീര്‍ന്നു. പിന്നീട് നാല്പതാം അടിയന്തിരമോ ഓര്‍മ്മ പ്രാര്‍ത്ഥനയോ ധൂപം വയ്ക്കലോ അങ്ങനെ പരമ്പരാഗത ക്രിസ്ത്യന്‍ സഭകള്‍ പാലിക്കുന്ന ആചാരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ വിശാലമായ സെമിത്തേരിയുടെ ആവശ്യവും അവര്‍ക്കില്ല.
തങ്ങളുടെ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാമെന്ന് പാസ്റ്ററും മറ്റ് സഭാധികാരികളും പറഞ്ഞെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. സ്ഥലപരിമിതി മൂലം ഇവരുടെ സെമിത്തേരിയില്‍ കുഴികുത്താന്‍ ഇടമില്ലാത്തതാണു കാരണം. അവിടെയുള്ളതത്രയും സെല്ലാറുകളാണ്. അതായത്, കോണ്‍ക്രീറ്റ് വോള്‍ട്ടുകളിലേക്ക് മൃതദേഹം അടങ്ങുന്ന പെട്ടി കുത്തിക്കയറ്റിവയ്ക്കും. പുതിയ ആളെ വയ്ക്കണമെങ്കില്‍ പെട്ടിയോടെ തള്ളി മൃതദേഹം വോള്‍ട്ടിന്റെ മറുഭാഗത്തുള്ള കുഴിയിലേക്ക് തട്ടിയിടും. ഇതാണ് രീതി.
സംസ്ഥാനം പിന്തുടരുന്ന കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വോള്‍ട്ടില്‍ മൃതദേഹം അടക്കാന്‍ പാടില്ല. 12 അടി താഴ്ചയില്‍ കുഴിയെടുത്ത് മൂടണം. ഇതാണ് ആരോഗ്യപ്രവര്‍ത്തകര്‍ തടസ്സവാദം ഉന്നയിക്കാന്‍ കാരണം.
പെന്തക്കോസ്തുകാരന്റെ മൃതദേഹം സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിച്ചില്ലാ എന്നാണ് സംഘികളുടെ വാദം. തിരുവനന്തപുരത്തെ സകല മൃദുസംഘി വാട്‌സ് ആപ് ഗ്രൂപ്പുകളിലും ഇതാണ് ചര്‍ച്ച. എന്നാല്‍ അസംബ്ലീസ് ഓഫ് ഗോഡ് ഒരു ഇവാഞ്ചലിസ്റ്റ് പെന്തക്കോസ്ത് സഭയാണെന്നും അവിടെ പാസ്റ്റര്‍മാരും ബ്രദറന്മാരുമാണുള്ളതെന്നും സി.എസ്.ഐ ആകട്ടെ എപ്പിസ്‌കോപ്പല്‍ പാരമ്പര്യമുള്ള ആംഗ്ലീക്കന്‍ പ്രൊട്ടസ്റ്റന്റ് സഭയാണെന്നും രണ്ടും വെവ്വേറെ ക്രിസ്ത്യന്‍ വിഭാഗങ്ങളാണെന്നും ഈ പ്രചാരണം കണ്ട് തെറ്റിദ്ധരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല. അവരെ സംബന്ധിച്ച് ക്രിസ്ത്യാനിയെ കബറടക്കാന്‍ പള്ളീലച്ചന്‍ സമ്മതിച്ചില്ല എന്ന പ്രസ്താവത്തിനാണ് വിശ്വാസ്യത. സത്യം ചെരിപ്പിട്ടുവരുമ്പോഴേക്കും നുണ ആറുപ്രാവശ്യം ലോകം ചുറ്റിവരുമെന്ന് പറയുന്നത് എത്ര ശരി!
സംഘി പ്രചാരണത്തിന്റെ ഒരു സാമ്പിള്‍ കാട്ടാം. (അവയിലെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുപദിഷ്ടവുമാണ്. ഓരോ ഭാഗത്തേയും സംബന്ധിച്ച എന്റെ കമന്റുകള്‍ ബ്രാക്കറ്റില്‍ കൊടുക്കാം).
കോട്ടയം മുത്തമ്പലത്തെ ശ്മശാനം ഹിന്ദുക്കള്‍ക്ക് വേണ്ടി കൊടുത്തതാണ്
[അല്ല. അത് മുനിസിപ്പല്‍ ക്രിമറ്റോറിയമാണ്. അവിടെ ആര്‍ക്കും ശവദാഹം നടത്താം. സ്ഥലപ്പേര് മുട്ടമ്പലമെന്നാണ്, മുത്തമ്പലമല്ല.]
അജ്ഞാത ജഡങ്ങളും അവിടെ ദഹിപ്പിക്കാറുണ്ട്. ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ല നാളിന്നു വരെ
[ശരിയാണ്]
ഹൈന്ദവ ആചാര രീതിയിലാണ് കാര്യങ്ങള്‍ ചെയ്യാറുള്ളത്
[ഭാഗികമായി ശരി. ഹിന്ദു മതവിശ്വാസികളായ ആളുകളുടെ ശവം ദഹിപ്പിക്കുമ്പോള്‍ ഹൈന്ദവാചാരം പാലിക്കും. അല്ലാത്ത കേസുകളില്‍ അങ്ങനെയല്ല]
കോവിഡ് മൂലം മരണപ്പെട്ട ഔസേപ്പ് എന്നയാള്‍ ഉള്‍പ്പെടുന്ന സഭയ്ക്ക് ടൗണില്‍ തന്നെ മിനിമം 100 ഏക്കര്‍ സ്ഥലമുണ്ടത്രെ
[അസംബന്ധം. അസംബ്ലീസ് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സഭയിലെ അംഗങ്ങള്‍ ബഹുഭൂരിപക്ഷവും ദരിദ്രരും പീഡിതരുമാണ്. പെന്തക്കോസ്ത് വിശ്വാസത്തിലേക്കു വരുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ സ്വര്‍ഗീയ വിരുന്ന് പോലെയുള്ള ന്യൂജനറേഷന്‍ സഭകളിലേക്കാണു പോകുന്നത്. അസംബ്ലീസ് ഓഫ് ഗോഡ് അംഗങ്ങള്‍ പ്രാര്‍ത്ഥനാ ഹാളിലോ വീടുകളിലോ തുറന്ന സ്ഥലങ്ങളിലോ ഒക്കെയാണ് പ്രാര്‍ത്ഥിക്കുക. അവര്‍ക്ക് പള്ളികളില്ല. അവകാശപ്പെടുംപോലെ ഏക്കര്‍ കണക്കിനു ഭൂമിയൊന്നും അവര്‍ക്ക് നഗരമദ്ധ്യത്തിലില്ല]
അപ്പോഴാണ് അന്യന്‍ വിയര്‍ക്കുന്ന കാശിനു അപ്പവും തിന്ന് വീഞ്ഞും കുടിച്ച് കഴിയുന്ന പളു പളുത്ത കുപ്പായമിട്ട മെത്രാച്ചന്മാര്‍ ആട്ടിയത് ‘പൊതു ശ്മശാനത്തില്‍ കൊണ്ട് കത്തിച്ചോളാന്‍ ‘
[കൂടുതല്‍ അസംബന്ധം. പെന്തക്കോസ്ത് സഭകളില്‍ പൗരോഹിത്യ പിന്തുടര്‍ച്ചയോ അഭിഷിക്തരായ പട്ടക്കാരോ (പുരോഹിതന്മാര്‍) മേല്‍പ്പട്ടക്കാരോ (മെത്രാപ്പൊലീത്തമാര്‍) ഇല്ല. ബിഷപ്പുമാര്‍ക്ക് അവരുമായി ഒരു ബന്ധവുമില്ല. പെന്തക്കോസ്ത് സഭകളുടെ നേതാക്കന്മാര്‍ പാസ്റ്റര്‍മാരാണ്. തങ്ങളില്‍പെട്ടവരെ അവര്‍ സഹോദരാ എന്നാണ് സംബോധന ചെയ്യുന്നത്. മേല്‍പരാമര്‍ശിച്ച കേസില്‍ പരേതന്റെ മൃതശരീരം തങ്ങളുടെ സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ മാങ്ങാനത്തെ (മന്ദിരം) അവരുടെ പ്രാര്‍ത്ഥനാ മന്ദിരത്തോടു ചേര്‍ന്നുള്ള അല്പസ്ഥലത്ത് തയ്യാറാക്കിയ സെമിത്തേരിയില്‍ ഉള്ളത് സെല്ലുലാര്‍ വോള്‍ട്ട് ആണ്. അതിലേക്ക് ശവപ്പെട്ടി കയറ്റി ഉന്തിവയ്ക്കുകയാണു ചെയ്യുക. പുതിയ ശരീരം അടക്കം ചെയ്യേണ്ടപ്പോള്‍ മുമ്പ് അടക്കം ചെയ്തത് പെട്ടിയോടു കൂടി കോണ്‍ക്രീറ്റ് വോള്‍ട്ടിനു പിന്നിലെ കുഴിയിലേക്കു തള്ളിയിടും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതശരീരം 12 അടി താഴ്ചയില്‍ കുഴിയെടുത്ത് അടക്കുകയോ അല്ലാത്ത പക്ഷം ദഹിപ്പിക്കുകയോ ചെയ്യണം. പ്രാര്‍ത്ഥനാലയത്തിനു കേടുപറ്റാതെ ഇത്ര ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കാനുള്ള സ്ഥലസൗകര്യം അവിടില്ല. അതിനാലാണ് മൃതദേഹം അവിടെ സംസ്‌കരിക്കേണ്ടതില്ലെന്നും പകരം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ശവദാഹം നടത്താം എന്ന് തീരുമാനിച്ചതും. ഈ തീരുമാനമാകട്ടെ, ആരോഗ്യവകുപ്പും ജില്ലാഭരണകൂടവുമാണ് എടുത്തത്. ഒരു ബിഷപ്പിനും ഇതില്‍ ഒരു റോളുമില്ല.]
സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ ആണ് അവിടെയുള്ളത്. ദിവസ ജോലിക്ക് പോകുന്നവര്‍. കൂലിപണിക്കാര്‍.
[ശരിയാണ്. എന്നാല്‍ ഇത് വൈകാരികമായി സ്വാധീനിക്കുക എന്ന യുക്തിഭംഗമാണ്. പരേതനും അത്ര പന്തിയുള്ള സാമ്പത്തികനിലയില്‍ ഉള്ള ആളായിരുന്നില്ല. പാരമ്പര്യമായി കിട്ടിയ അഞ്ചുസെന്റ് ഭൂമിയും അതിലൊരു വീടും മാത്രമേയുള്ളൂ. അതാകട്ടെ, കോളനി പോലെ ഒരിടത്തും. കോട്ടയം നഗരസഭയ്ക്കു കീഴില്‍ ദീര്‍ഘകാലം ശുചീകരണ തൊഴിലാളിയായിരുന്നു, 55-ാം വയസ്സില്‍ വിരമിക്കും വരെ, ഇദ്ദേഹം. മരിക്കുമ്പോള്‍ 83 വയസ്സായിരുന്നു. വിഭാര്യനും നിസ്വനും ആയിരുന്നു, ഇയാള്‍.]
അവര്‍ പേടിക്കും. സ്വാഭാവികമാണ്. പേടിക്കാന്‍ ഉള്ള വക സര്‍ക്കാരും മാധ്യമങ്ങളും ദിവസം തോറും തരുന്നുമുണ്ട്.
പണ്ടത്തെ വസൂരി രോഗത്തിന് തുല്യമായ രീതിയിലാണ് ഇപ്പോഴത്തെ കൊറോണ ബാധിതരെയും ലക്ഷണം ഉള്ളവരെയുമൊക്കെ ഈ രണ്ട് കൂട്ടരും ചിത്രീകരിക്കുന്നത്.
[ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പേടിപ്പെടുത്തല്‍ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതല്ല, സര്‍ക്കാരിന്റെ രീതി. ആദ്യംമുതല്‍ തന്നെ നമ്മുടെ സര്‍ക്കാര്‍ ആദ്യം ആരോഗ്യമന്ത്രി മുഖേനയും പിന്നീട് മുഖ്യമന്ത്രി നേരിട്ടും ഏതാണ്ട് ദിവസവുമെന്നോണം പൊതുജനങ്ങളുമായി, ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്ന വാര്‍ത്താസമ്മേളനങ്ങളിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും സംസാരിക്കുന്നുണ്ട്.]
പറഞ്ഞു വന്നത് ഇവിടുത്തെ വില്ലന്‍ പ്രദേശ വാസികളായ പാവങ്ങള്‍ അല്ല ഔസേപ്പിന്റെ ജഡത്തിന് വിലക്ക് കല്പിച്ച അദേഹത്തിന്റെ ഇടവകയാണ് അത് മനസിലാക്കുക
[വീണ്ടും തെറ്റ്. നേരത്തെ വിശദീകരിച്ചു.]
കുറഞ്ഞ പക്ഷം ഈ വിഷയത്തില്‍ വിശാല മനസ് കാണിക്കുന്ന മതേതര ഹിന്ദുക്കള്‍ എങ്കിലും നിങ്ങള്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കെണിയില്‍ വീഴരുത്.
[ഈ പോസ്റ്റ് എഴുതിയ വ്യക്തി സ്വയം പാലിക്കേണ്ട നിര്‍ദ്ദേശമായി തോന്നി.]
ആ പാവങ്ങളെ ഒറ്റപ്പെടുത്തരുത്
[ഭയം, അനിശ്ചിതത്വം, സംശയം എന്നിവ ജനിപ്പിച്ച് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അഴിച്ചുവിട്ട തെറ്റിദ്ധാരണാജനകമായ പ്രചാരണത്തില്‍ വശംവദരായി അവിടെ തടിച്ചുകൂടിയ പരിസരവാസികളായ ദരിദ്ര ജനസാമാന്യത്തെ ആരും പ്രത്യേകമായി കുറ്റപ്പെടുത്തുന്നില്ല. ബിജെപി കൗണ്‍സിലര്‍ ഹരികുമാറും സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് പ്രശ്‌നം വഷളാക്കിയത്.]
പോസ്റ്റ് സ്‌ക്രിപ്റ്റ്: ഏതു വാര്‍ത്തയ്ക്കു പിന്നിലും കാണുമല്ലോ ഒരു ‘മാധ്യമപ്രവര്‍ത്തകന്‍’. ചാലുകുന്നിലെ സി.എസ്.ഐ സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ സമ്മതിച്ചില്ല എന്ന സ്റ്റോറിയുടെ അവതാരകന്‍ കോട്ടയത്തെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വിനോദ് ആണ്. വാര്‍ത്തയുടെ വിസ്‌ഫോടനം സംഭവിക്കുമ്പോള്‍ ചില തെറ്റൊക്കെ വരും എന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ സര്‍ പറഞ്ഞത് അവരുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയ സന്ദേശം എന്താണെന്ന സംശയം ഇപ്പോഴുണ്ടാവില്ലല്ലോ, അല്ലേ?
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക