ബോളിവുഡും രണ്ട് സംസ്ഥാനങ്ങളും പോരടിച്ച മരണം; സുശാന്ത് സിംഗ് കേസ് എവിടെയെത്തി?
DISCOURSE
ബോളിവുഡും രണ്ട് സംസ്ഥാനങ്ങളും പോരടിച്ച മരണം; സുശാന്ത് സിംഗ് കേസ് എവിടെയെത്തി?
ഗോപിക
Wednesday, 16th June 2021, 1:44 pm

കുറഞ്ഞകാലം കൊണ്ട് സൗമ്യമായ പുഞ്ചിരിയിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ഒരു നടന്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ തന്റെ ജീവിതം ഒരു കയറിന്‍ത്തുമ്പില്‍ അവസാനിപ്പിക്കുന്നു. സത്യത്തില്‍ അത് ഒരു അവസാനമായിരുന്നില്ല. അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച, രോഗവും ലഹരിമാഫിയയും ബോളിവുഡിലെ സ്വജനപക്ഷപാതവും വരെ നീണ്ട വിവാദങ്ങളുടെ തുടക്കമായിരുന്നു.

ഒരു ബോളിവുഡ് നടന്റെ മരണം രണ്ട് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അന്തരീക്ഷത്തെ വരെ പിടിച്ചുലയ്ക്കുകയും ചെയ്തു. സംഘപരിവാര്‍ സംഘടനകളും വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. അതെ, പറഞ്ഞുവന്നത് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയെപ്പറ്റി തന്നെയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വര്‍ഷം ഒന്ന് കഴിയുമ്പോഴും എന്താണ് സുശാന്തിന് സംഭവിച്ചതെന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല.

സി.ബി.ഐ. ഏറ്റെടുത്തിട്ടും കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. ബോളിവുഡിനെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ കീഴ്മേല്‍ മറിച്ച കേസായിരുന്നു സുശാന്തിന്റേത്.

സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ സംഭവിച്ചതെന്ത്? ലഹരി മരുന്നും സ്വജനപക്ഷപാതവും തുടങ്ങി കേസന്വേഷണ സമയത്ത് ചര്‍ച്ചയായ ആരോപണങ്ങളും വിവാദങ്ങളുമെന്തെല്ലാം? ആരാണ് സുശാന്തിന്റെ മരണത്തെ രാഷ്ട്രീയ ആയുധമാക്കിയത്? ഡൂള്‍ എക്സ്പ്ലൈനര്‍ പരിശോധിക്കുന്നു.

”സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത നിലയില്‍”

2020 ജൂണ്‍ പതിനാലിന് സുശാന്തിന്റെ ആത്മഹത്യ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ തീപ്പൊരി പോലെ പടര്‍ന്നു. സ്വന്തം ഫ്ളാറ്റില്‍ ഒരു കയറില്‍ തൂങ്ങിയ ആ ചെറുപ്പക്കാരന്റെ മരണം വിശ്വസിക്കാനാകാതെ ആരാധകരും കുടുംബവും രംഗത്തെത്തിയതോടെ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകുകയായിരുന്നു.

പഠിക്കുന്ന കാലത്ത് റാങ്കുകള്‍ വാരിക്കൂട്ടിയ ബ്രില്യന്റ് സ്റ്റുഡന്റ്, അസാധ്യ ഡാന്‍സര്‍, സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയ നായകന്‍, ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തി, കഥാപാത്രങ്ങളിലൂടെ ആരാധകരുടെ എണ്ണം ഇരട്ടിയാക്കിയ അഭിനേതാവ് – ഇത്രയധികം വിശേഷങ്ങളുള്ള ഒരു വ്യക്തി എന്തിനാണ് സ്വയം ജീവനൊടുക്കിയത്. കഥകള്‍ പലതും പ്രചരിച്ചു.

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് സുശാന്തും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നത്. കടുത്ത ഡിപ്രഷനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുശാന്തെന്നും കരിയറിലെ തിരിച്ചടിയും വ്യക്തിജീവിതത്തിലെ വിഷമങ്ങളും സുശാന്തിലുണ്ടാക്കിയ മുറിവുകള്‍ അദ്ദേഹത്തെ വിഷാദരോഗത്തിലെത്തിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതുതന്നെയായിരിക്കാം ആത്മഹത്യയുടെ കാരണമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.

പക്ഷെ ഇതിനിടയില്‍, ലഹരി മരുന്നിന്റെ അടിമയായിരുന്നു സുശാന്തെന്നും ബോളിവുഡിലെ സ്വജനപക്ഷപാതം മൂലം അവസരങ്ങള്‍ നഷ്ടമായതാണ് നടനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള കഥകളും ഉയര്‍ന്നു. കൊലപാതക സാധ്യതകള്‍ വരെ പലരും പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ ലഹരി മാഫിയക്കെതിരെയെന്ന നിലയില്‍ ശക്തമായ അന്വേഷണം തന്നെ നടന്നു.

പക്ഷെ പിന്നീട് വന്ന അന്വേഷണങ്ങളിലൊന്നും ഇപ്പറഞ്ഞ കാര്യങ്ങളാണ് നടനെ മരണത്തിലേക്ക് നയിച്ചതെന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോഴും സുശാന്തിനെ സ്വന്തം ജീവനെടുക്കാന്‍ പ്രേരിപ്പിച്ച ആ കാരണത്തെ കുറിച്ച് കൃത്യമായ മറുപടികളില്ല.

ഉയര്‍ന്നും താഴ്ന്നും ചെരിഞ്ഞും- സുശാന്തിന്റെ സിനിമാ ജീവിതം

സ്റ്റാര്‍ പ്ലസ്സിലെ കിസ് ദേശ് ഹെ മേരാ ദില്‍ എന്ന സീരിയലിലൂടെയാണ് സുശാന്ത് എന്ന നടനെ ലോകം പരിചയപ്പെടുന്നത്. 2008 ലാണ് ഇത് പുറത്തിറങ്ങിയത്. പിന്നീട് 2009ലെ പവിത്ര രിഷ്ത എന്ന സീരിയല്‍ സുശാന്തിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി മാറി. ഇതിനിടയിലും നൃത്തത്തോടുള്ള തന്റെ അഭിനിവേശം ഒട്ടും ചോരാതെ കൊണ്ടുനടന്ന സുശാന്ത് റിയാലിറ്റി ഷോകളിലും സജീവമായിരുന്നു. ഇതെല്ലാം തന്നെ സുശാന്തിന് ബോളിവുഡിലേക്കുള്ള ചവിട്ടുപടികളാകുകയായിരുന്നു.

ഊഹം തെറ്റിയില്ല. 2013 ല്‍ പുറത്തിറങ്ങിയ അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത കായ് പോ ചെയിലൂടെ സുശാന്ത് ബോളിവുഡിലേക്ക് കാലെടുത്തുവെച്ചു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സുശാന്തിനെ തേടിയെത്തി. അതൊരു തുടക്കമായിരുന്നു.

 

Pavitra Rishta show: Ekta Kapoor reveals why she picked Sushant Singh Rajput for Pavitra Rishta, the actor reacts

പിന്നീട് മികച്ച കഥാപാത്രങ്ങളാണ് സുശാന്തിനായി ബോളിവുഡില്‍ പിറന്നത്. ശുദ്ധ് ദേശി റൊമാന്‍സ്, ഡിറ്റക്ടീവ് ബ്യോകേഷ് ബക്ഷി, പി.കെയിലെ സര്‍ഫറാസ് യൂസഫ്, എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി, കേദാര്‍നാഥ്, ചിച്ചോരെ, ദില്‍ ബേചാരാ തുടങ്ങി നിരവധി ചിത്രങ്ങള്‍ സുശാന്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു.

ബോളിവുഡിലെ യുവനടന്‍മാരുടെ നിരയിലേക്ക് സുശാന്തിന്റെ പേര് ഉയര്‍ന്നുവരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം അരങ്ങൊഴിഞ്ഞത്.

ബോളിവുഡിലെ സ്വജനപക്ഷപാതമാണോ സുശാന്തിന്റെ  ആത്മഹത്യയ്ക്ക്  പിന്നില്‍?

സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പരസ്യമായ രഹസ്യം എന്നറിയപ്പെടുന്ന സ്വജനപക്ഷപാതത്തെപ്പറ്റിയുള്ള ചില പ്രസ്താവനകള്‍ പുറത്തുവന്നു. നടി കങ്കണ റണൗത്താണ് ഈ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ഇതോടെ സുശാന്തിന്റ ആത്മഹത്യ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്ന പ്രചാരണവും വന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും പ്രചരണം ശക്തമായി. ബോളിവുഡിലെ കുടുംബവാഴ്ചയാണ് സുശാന്തിന്റെ മരണത്തിന് പിന്നിലെന്ന് ചിലര്‍ ആരോപിച്ചു.

ബോളിവുഡ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ക്ക് നേരെയുള്ള ഡിസ്ലൈക്ക് ക്യാംപെയിനായും പ്രതിഷേധം ആളിക്കത്തി. ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയില്‍ ഇടം കണ്ടെത്തുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന സ്ട്രഗിളുകള്‍ തുറന്നു പറഞ്ഞ് കൂടുതല്‍ താരങ്ങളും സംവിധായകരും രംഗത്തെത്തി.

 

Sushant Singh Rajput's Kai Po Che co-star Amit Sadh reveals his favourite line, recalls good moments | Celebrities News – India TV

തപ്സി പന്നു, സ്വര ഭാസ്‌കര്‍ തുടങ്ങിയവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. നെപോട്ടിസം ഒരു യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ ഒരാളുടെ മരണം ഉപയോഗിച്ച് വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഒരു കേസിലെ പൊലീസിന്റെയും കോടതിയുടെയും
ജോലി മാധ്യമങ്ങളും മറ്റുള്ളവരും ഏറ്റെടുക്കരുതെന്നും തപ്സി പറഞ്ഞിരുന്നു.

ലഹരിമാഫിയയും റിയ ചക്രബര്‍ത്തിയും

സുശാന്തിനെ വിഷാദത്തിലേക്ക് തള്ളി വിട്ടത് കടുത്ത ലഹരി ഉപയോഗമാണെന്നും അദ്ദേഹം ലഹരിക്കടിമയായിരുന്നുവെന്നുമുള്ള ആരോപണം കാട്ടുതീ പോലെയാണ് പടര്‍ന്നത്. സുശാന്ത് സിംഗ് കേസിലെ ഭൂരിഭാഗം അന്വേഷണങ്ങളും നടന്നത് ഇതുമായി ബന്ധപ്പെട്ടായിരുന്നു.

സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിയിലേക്ക് അന്വേഷണ സംഘം എത്തിയതോടെയാണ് ബോളിവുഡിലെ ലഹരി മാഫിയയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ കേസ് പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു മുന്നോട്ടുപോയത്.

സുശാന്തിന്റെ മരണത്തിന് ഉത്തരവാദി റിയയും റിയയുടെ സഹോദരനുമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. കുടുംബമായി സുശാന്തിനുള്ള ബന്ധത്തെ ഇല്ലാതാക്കിയത് റിയ ആണെന്നും സുശാന്തിന് ലഹരി ആദ്യം നല്‍കിയത് ഇവരാണെന്നുമായിരുന്നു ചില വാര്‍ത്തകള്‍.

Sushant Singh Rajput shares heartfelt post remembering late mother, Rhea Chakraborty sends love | Celebrities News – India TV

സുശാന്തിന്റെ കുടുംബവും റിയയ്ക്കെതിരെ തിരിഞ്ഞതോടെ ഒരു വേട്ടയാടലിന് തുടക്കമാകുകയായിരുന്നു. മകന്റെ അക്കൗണ്ടില്‍ നിന്നും റിയ ഭീമമായ തുക കൈമാറ്റം ചെയ്തെന്നാരോപിച്ച് സുശാന്തിന്റെ പിതാവും രംഗത്തെത്തി.

എന്നാല്‍ ഇതെല്ലാം റിയ നിഷേധിച്ചെങ്കിലും അവരെ വെറുതെ വിടാന്‍ അന്വേഷണ സംഘവും മാധ്യമങ്ങളും തയ്യാറായില്ല. റിയയ്ക്ക് നേരേ പാപ്പരസി മാധ്യമങ്ങളുടെ പ്രചരണവും ഇക്കാലത്ത് ശക്തമായിരുന്നു. അന്വേഷണത്തേക്കാള്‍ കൂടുതല്‍ മാധ്യമ – ആള്‍ക്കൂട്ട വിചാരണയായിരുന്നു റിയക്ക് നേരിടേണ്ടി വന്നത്.

സുശാന്തിന് ലഹരി എത്തിച്ചുകൊടുത്തു എന്ന കേസിലാണ് റിയയും സഹോദരനും അറസ്റ്റിലാകുന്നത്. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം റിയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സുശാന്തിനോടൊപ്പം നിന്ന ഒരു നല്ല സുഹൃത്ത് മാത്രമായിരുന്നു താനെന്നും വിഷാദരോഗമാണ് സുശാന്തിന്റെ അപ്രതീക്ഷിത ആത്മഹത്യയ്ക്ക് കാരണമെന്നും റിയ ആവര്‍ത്തിച്ചു.

റിയ ചക്രബര്‍ത്തിയില്‍ തുടങ്ങിയ കേസ് ബോളിവുഡിലെ വന്‍താരങ്ങളിലേക്ക് വരെ എത്തിയിരുന്നു. നിലവില്‍ കേസില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ റിയ ചക്രബര്‍ത്തിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടു വാര്‍ത്താമാധ്യമങ്ങല്‍ലടക്കം വലിയ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുകയും പിന്നീട് ഇതിനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

ലഹരി ആരോപണങ്ങളുടെ പേരില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും ബോളിവുഡിനെ മുഴുവന്‍ മാഫിയ കേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്വേഷ ക്യാംപെയ്നുകളും ഇതിനിടയില്‍ ശക്തമായിരുന്നു.

സുശാന്തിന്റെ ആത്മഹത്യ- മഹാരാഷ്ട്ര-ബീഹാര്‍ തുറന്ന പോരിലേക്ക്

ബോളിവുഡിന്റെ തലസ്ഥാനമായ മുംബൈയില്‍ വെച്ചാണ് ബീഹാര്‍ സ്വദേശിയായ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നത്. ഇതു തന്നെയാണ് മഹാരാഷ്ട്രയും ബീഹാറും ഒരു തുറന്നപോരിലേക്ക് എത്താന്‍ കാരണമായതും. അതിലുപരി ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് സുശാന്തിന്റെ ആത്മഹത്യ. ജെ.ഡി.യു. നേതാവായ നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ ബീഹാറില്‍ അധികാരം നിലനിര്‍ത്താന്‍ നെട്ടോടമോടുകയായിരുന്നു. ആ സമയത്താണ് സുശാന്തിന്റെ മരണം വീണുകിട്ടുന്നത്.

മറുപക്ഷത്ത് ഉദ്ദവ് താക്കറെ നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം. ബി.ജെ.പിയുമായും കേന്ദ്രസര്‍ക്കാരുമായും സ്ഥിര ഇടച്ചിലുണ്ടാക്കുന്ന ശിവസേന മുഖ്യമന്ത്രി. ഇത്രയും തന്നെ ധാരാളമായിരുന്നു ഇരു സംസ്ഥാനങ്ങള്‍ക്കും പരസ്പരം പോരടിക്കാന്‍. മുംബൈ പൊലീസിന്റെ കഴിവില്ലായ്മയാണെന്നും കേസന്വേഷണം ബീഹാര്‍ പൊലീസിനെ ഏല്‍പ്പിക്കണമെന്നുമുള്ള പ്രചരണങ്ങള്‍ ഉണ്ടായി. അതും കടന്ന് മുംബൈ പൊലീസിന്റെ കഴിവില്‍ വിശ്വാസമില്ലാത്തതിനാല്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നും പ്രചരണങ്ങളുണ്ടായി.

 

Ram Nath Kovind for President: Nitish and Uddhav, 2 tales of shifting goalposts - India News

ഇതിനിടെ ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ പേരും സുശാന്തിന്റെ മരണത്തിലുയര്‍ന്നു കേട്ടിരുന്നു. എന്ത് അര്‍ത്ഥത്തിലാണ് ആദിത്യയുടെ പേര് കേസിലെത്തിയെന്ന കാര്യത്തിലും ഇതുവരെ വ്യക്തയില്ല. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കിയത് ബി.ജെ.പിയായിരുന്നു. ഇതിനെ പിന്താങ്ങുന്ന നിലപാടാണ് ബീഹാറും സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷിനും ബി.ജെ.പിയ്ക്കും വീണുകിട്ടിയ തുറുപ്പുചീട്ടായി സുശാന്ത് കേസ് മാറിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ഇ.ഡി., എന്‍.സി.ബി., സി.ബി.ഐ.,- ഒരു കേസ് അന്വേഷിക്കാന്‍ മൂന്ന് കേന്ദ്ര ഏജന്‍സികള്‍

സുശാന്തിന്റെ ആത്മഹത്യ ഇരു സംസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തെ തന്നെ കലുഷിതമാക്കിയതോടെയാണ് കേസന്വേഷണം ഊര്‍ജിതമായത്. ലഹരിമാഫിയ കേസില്‍ ഉള്‍പ്പെട്ടുവെന്ന പ്രചരണം വന്നതോടെ ആ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രംഗത്തെത്തി. ബോളിവുഡിലെ നടി-നടന്‍മാരുടെ മൊഴികള്‍ എന്‍.സി.ബി രേഖപ്പെടുത്തുകയും ചെയ്തു.

സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അനധികൃതമായി പണം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളെപ്പറ്റിയുള്ള അന്വേഷണം സി.ബി.ഐ, ഇ.ഡി എന്നിവര്‍ ഏറ്റെടുത്തു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് റിയ ചക്രബര്‍ത്തി കോടിക്കണക്കിന് രൂപ തിരിമറി നടത്തിയ കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.

സുശാന്തിന്റെ മരണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണത്തില്‍ കുറഞ്ഞതൊന്നിനും കഴിയില്ലെന്ന ബീഹാറിന്റെ ആവശ്യം ഒടുവില്‍ കേന്ദ്രം കേട്ടു. 2020 ഓഗസ്റ്റിലാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സുശാന്ത് സിംഗ് ആത്മഹത്യ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞു. ബീഹാറില്‍ ജെ.ഡി.യു, ബി.ജെ.പി. പിന്തുണയോടെ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷമാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി. തെരഞ്ഞെടുപ്പിന് ശേഷം സുശാന്ത് സിംഗ് രാജ്പുത് കേസന്വേഷണം ഏറെക്കുറെ മന്ദഗതിയിലാണ് എന്നു തന്നെ പറയേണ്ടിവരും.

അന്വേഷണം നടത്തിയ ഒരു ഏജന്‍സിയും സുശാന്തിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരുപാട് രഹസ്യങ്ങള്‍ ഉള്ള ദുരൂഹമരണമായതിനാല്‍ കുറ്റപത്രം ഇതുവരെ ഫയല്‍ ചെയ്തിട്ടില്ലെന്നാണ് സുശാന്തിന്റെ അഭിഭാഷകനായ വികാസ് സിംഗ് പറയുന്നത്. വര്‍ഷം ഒന്ന് കഴിയുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ആത്മഹത്യയക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് വീണ്ടും ചോദ്യമുന്നയിക്കുകയാണ് സുശാന്തിന്റെ ആരാധകര്‍.

അതിനൊപ്പം തന്നെ ഒരു മരണത്തെ രാഷ്ട്രീയ നേട്ടത്തിനും മോറല്‍ പൊലീസിങ്ങിനും മാധ്യമ വിചാരണക്കും വ്യക്തിവൈരാഗ്യത്തിനും ഉപയോഗിക്കന്നതിന്റെ ഏറ്റവും മോശം മാതൃകകള്‍ കടന്നുവന്ന സംഭവമായി കൂടി സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Controversies In Sushant Singh Rajputh Death

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.