കൊല്‍ക്കത്ത: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി മെഴുക് തിരി മാര്‍ച്ച് സംഘടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടമാണിതെന്നും മമത പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അറസ്റ്റിലാകുന്നത് വരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ജനാവലി പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.
‘ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പമാണ്, ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യങ്ങള്‍ അടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി നയിക്കുന്ന പ്രതിഷേധ റാലി തുടങ്ങിയത്.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. കുറ്റവാളിയുടെ അറസ്റ്റ് നടപടി ഉണ്ടാകുന്നത് വരെ ഈ സമരം നീളുമെന്നും മമത കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
‘സുപ്രീം കോടതി വിധി വന്നിട്ട് പോലും പ്രതികളെ പിടികൂടാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് കഴിയുന്നില്ല. എന്നാല്‍, ബംഗാളില്‍ ഇത്തരമൊരു പരാതി വന്നാല്‍ അവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് ഞാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്’ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യു.പിയില്‍ ഇന്ന് കര്‍ഷകര്‍ മഹാഖാപ് പഞ്ചായത്ത് സംഘടിപ്പിച്ച് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചു. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങുമെന്നും രാകേഷ് ടിക്കായത്ത് ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി. ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതിയെ നേരില്‍കാണാനും കര്‍ഷക നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.