മെസിയും റോണോയും കഴിഞ്ഞാല്‍ ആരാണ് ഗോട്ട്? അഭിപ്രായം പങ്കുവെച്ച് സൂപ്പര്‍ കോച്ച്
Football
മെസിയും റോണോയും കഴിഞ്ഞാല്‍ ആരാണ് ഗോട്ട്? അഭിപ്രായം പങ്കുവെച്ച് സൂപ്പര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st October 2023, 5:36 pm

സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ഇരുതാരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.

ഭാവിയില്‍ ഗോട്ട് ആരെന്നുള്ള ചോദ്യത്തില്‍ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് എ.എസ്. റോമ കോച്ച് ജോസെ മൊറീഞ്ഞോ. കിലിയന്‍ എംബാപ്പെയാണ് ആധുനിക ഫുട്‌ബോളിലെ മികച്ച താരമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ ക്രിസ്റ്റ്യാനോക്കും മെസിക്കുമൊപ്പം എത്തി നില്‍ക്കുന്ന താരമാണ് എംബാപ്പെയെന്നും അദ്ദേഹത്തെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ മത്സരം എളുപ്പത്തില്‍ ജയിക്കാനാകുമെന്നും മൊറീഞ്ഞോ പറഞ്ഞു.

‘നിങ്ങളുടെ ടീമില്‍ എംബാപ്പെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. ടീമിന് എളുപ്പത്തില്‍ ജയം നേടാനാകും. മത്സരങ്ങള്‍ എളുപ്പത്തില്‍ ജയിക്കുന്ന എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമെത്തി നില്‍ക്കാന്‍ കഴിയുന്ന താരമാണ് എംബാപ്പെ. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമായി അവന്‍ അറിയപ്പെടും, മൊറീഞ്ഞോ പറഞ്ഞു.

അതേസമയം, എംബാപ്പെക്ക് ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പി.എസ്.ജി താരത്തെ വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നില്ല. പാരീസിയന്‍സുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. കരാര്‍ അവസാനിക്കാതെ താരത്തെ ഫ്രീ ഏജന്റായ അയക്കാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല.

എംബാപ്പെയുടെ ആവശ്യം ശക്തമായപ്പോള്‍ താരത്തെ വിട്ടയക്കാന്‍ 250 ദശലക്ഷം യൂറോ പി.എസ്.ജി റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെടുകയായിരുന്നു. കരാര്‍ സംബന്ധിച്ച് തടസങ്ങള്‍ നേരിട്ടതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെ നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷവും എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി താരത്തിന്റെ വേതനത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി എന്ത് സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്നാണ് ഡിഫന്‍സ സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത സീസണിനൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നല്‍കാന്‍ പി.എസ്.ജി നിര്‍ബന്ധിതരാകുമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍.

Content Highlights: Content Highlights: Jose Mourinho praises Kylian Mbappe