ബ്രസീലിനോ അര്‍ജന്റീനക്കോ ജര്‍മനിക്കോ ഒന്നുമല്ല ഇത്തവണ ലോകകപ്പ് ഇംഗ്ലണ്ടിനുള്ളതാണ്: മുന്‍ ജര്‍മന്‍ ഇതിഹാസം
Football
ബ്രസീലിനോ അര്‍ജന്റീനക്കോ ജര്‍മനിക്കോ ഒന്നുമല്ല ഇത്തവണ ലോകകപ്പ് ഇംഗ്ലണ്ടിനുള്ളതാണ്: മുന്‍ ജര്‍മന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 8:06 pm

ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ആവേശം അലതല്ലുകയാണ്. അതോടൊപ്പം ആര് ലോകകപ്പ് നേടുമെന്ന പ്രവചനവും ശക്തമാകുന്നുണ്ട്. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ ടീമുകളുടെ പേരാണ് കൂടുതലും ഉയര്‍ന്നു വരുന്നത്.

എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളാകുമെന്ന പക്ഷക്കാരോടപ്പമാണ് മുന്‍ ജര്‍മന്‍ താരം യര്‍ഗന്‍ ക്ലിന്‍സ്മാന്‍. ഇംഗ്ലണ്ടിന്റേത് ശക്തമായ ടീമാണെന്നും ഇത്തവണ വിജയ സാധ്യത കൂടുതലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ടീം ഇംഗ്ലണ്ടിനെ പറ്റി പറയുകയാണേല്‍ കരുത്തരായ താരങ്ങളാണ് ടീമിലുള്ളത്. ഇംഗ്ലണ്ട് ശക്തരാണെന്ന് കുറെ വര്‍ഷങ്ങളായി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത്തവണ കൂടുതല്‍ നിലവാരത്തോടെയാണ് ടീം ലോകകപ്പിനെത്തുന്നത്. റഷ്യയില്‍ അവര്‍ മികച്ച ടൂര്‍ണമെന്റ് കളിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോ കപ്പ് കളിച്ചെങ്കിലും അവര്‍ക്ക് ജയിക്കാനായിരുന്നില്ല. എന്നാലും ടീമിന്റെ മികവും നിലവാരവും സൂചിപ്പിക്കുന്നത് ടീം ഇംഗ്ലണ്ട് ഖത്തറില്‍ മുന്നേറും എന്ന് തന്നെയാണ്,’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജര്‍മനിയും, ബ്രസീലും, അര്‍ജന്റീനയും സ്‌പെയിനും മികച്ച ടീമാണെന്നും അവരിലൊരാളായി ഇപ്പോള്‍ ഇംഗ്ലണ്ടും മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് ടീമുകളുമായി ഏറ്റുമുട്ടുമ്പോള്‍ ഇംഗ്ലണ്ടിന് സമ്മര്‍ദം അനുഭവപ്പെടുമെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും ടീം അത്രക്ക് ശക്തമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഇംഗ്ലണ്ടിലെ ഓരോ താരങ്ങളും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിവ് തെളിയിച്ചത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ താരങ്ങള്‍ക്കെല്ലാം രാജ്യത്തിന് വേണ്ടി ഒരുമിച്ച മികവ് തെളിയിക്കാനുള്ള അവസരം ഒത്തുവന്നിരിക്കുകയാണ്.

ലീഗ് മത്സരങ്ങളില്‍ കളിച്ച അതേ ഉത്സാഹത്തോടെ തന്നെ ലോകകപ്പിലും കളിക്കുകയാണേല്‍ ഇംഗ്ലണ്ടിന് എളുപ്പം കിരീടം നേടാവുന്നതേ ഉള്ളൂ,’ ക്ലിന്‍സ്മാന്‍ വ്യക്തമാക്കി.


ഹാരി കെയ്‌നും, ഫില്‍ ഫോഡെനും, ജൂഡ് ബെല്ലിങ്ഹാമുമാണ് ഇംഗ്ലണ്ടിന്റെ മുന്‍നിര താരങ്ങള്‍. യു.എസ്.എക്കും വെയില്‍സിനും ഇറാനുമൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട്. നവംബര്‍ 21ന് ഇറാനുമായി ഏറ്റുമുട്ടിയാണ് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്.

                                                                                                                                                                                                                                              Content Highlights: Former German Legend Jurgen Klinsmann pick up the world cup favorite