ആരും ഗുസ്തി താരങ്ങള്‍ക്ക് കൂടെ നില്‍ക്കില്ല; കാരണം എല്ലാവര്‍ക്കും ഭയമാണ്: സി.കെ. വിനീത്
Kerala News
ആരും ഗുസ്തി താരങ്ങള്‍ക്ക് കൂടെ നില്‍ക്കില്ല; കാരണം എല്ലാവര്‍ക്കും ഭയമാണ്: സി.കെ. വിനീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2023, 6:02 pm

കണ്ണൂര്‍: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മലയാളി കായിക താരങ്ങളായ സി.കെ. വിനീതും ടോം ജോസഫും രംഗത്ത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറായ സി.കെ. വിനീത് പറഞ്ഞു.

‘അവരെ ഭയങ്കര മോശമായാണ് ട്രീറ്റ് ചെയ്യുന്നത്. ജനുവരിയില്‍ തുടങ്ങിയ പ്രതിഷേധമാണ്. പിന്നീട് അവരോട് പറഞ്ഞതൊന്നും പാലിക്കാതായതോടെയാണ് അവര്‍ രണ്ടാമത് ജന്തര്‍ മന്ദറിലിരിക്കാന്‍ വരുന്നത്. അതിന് ശേഷം കോടതി ഇടപെടേണ്ടി വന്നു ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും.

ആരോപണവിധേയനായ ആളുടെ പേരില്‍ 32ഓളം കേസുകളുണ്ട്. ഇത്രയും ക്രിമിനല്‍ ബാക്ക് ഗ്രൗണ്ടുള്ള ഒരാളെയാണ് ഇത്തരത്തില്‍ സംരക്ഷിച്ച് വരുന്നത്. ഒളിമ്പിക് മെഡല്‍ നേടിയ താരങ്ങളെവിശ്വസിക്കാന്‍ പോലും കൂട്ടാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറി കൊണ്ടിരിക്കുന്നത്.

താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കിയിട്ടില്ലെങ്കില്‍ അല്ലേ നാണക്കേടുണ്ടാകുന്നത്. അത്തരത്തില്‍ അല്ലേ അവരോട് പെരുമാറി കൊണ്ടിരിക്കുന്നത്. നമ്മള്‍ പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നത്,’ വിനീത് പറഞ്ഞു.

കായിക മേഖലയിലുള്ളവര്‍ മാത്രമല്ല, എല്ലാവരും ഗുസ്തി താരങ്ങളെ പിന്തുണക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. എന്നാല്‍ ആരും കൂടെ നില്‍ക്കില്ല, കാരണം എല്ലാവര്‍ക്കും ഭയമാണ്.

കായിക താരങ്ങള്‍ക്കിടയില്‍ ഒത്തൊരുമയില്ല. അവര്‍ക്ക് അസോസിയേഷനുകളെയാണ് പേടി. കരിയറും അവസരങ്ങളും നഷ്ടപ്പെടുമെന്ന ഭയമാണ് അവര്‍ക്ക്. അസോസിഷനുകള്‍ക്ക് അവര്‍ക്ക് മേലെയുള്ള ഫെഡറേഷനുകളെ പേടിയാണ്.

ഫെഡറേഷനുകള്‍ക്ക് അവര്‍ക്ക് മേലുള്ള സര്‍ക്കാര്‍ ഒഫീഷ്യലുകളെ പേടി. ഇതിനിടെ ആകെ നശിക്കുന്നത് സ്‌പോര്‍ട്‌സും കായിക താരങ്ങളുമാണ്. നാളെ നമ്മളുടെ നേരെ വരുമ്പോഴേ മനസിലാകൂ ഇത് നമുക്കും സംഭവിക്കാവുന്നതാണെന്ന്.

30-35 വര്‍ഷത്തോളം കാത്തിരുന്ന് കിട്ടിയ നേട്ടമാണ് ഈ മെഡലുകള്‍. അത് ഒഴുക്കി കളയരുതെന്ന് മാത്രമെ പറയാനുള്ളൂ. ഇത്രയും നാണക്കേട് ഉണ്ടായ സ്ഥിതിക്ക് അവര്‍ മറിച്ച് ചെയ്യുമെന്ന് കരുതുന്നില്ല. അതിന് മുമ്പ് ബന്ധപ്പെട്ട അധികൃതര്‍ അവരെ തടയണം,’ സി.കെ. വിനീത് പറഞ്ഞു.

ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്ന ആദ്യത്തെ പ്രമുഖ ഫുട്ബോളറാണ് സി.കെ. വിനീത്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചിരുന്നു.

അതേസമയം, അസോസിയേഷനുകളെ നിലയ്ക്ക് നിര്‍ത്തേണ്ട സമയമായെന്നും താരങ്ങളെ കടുത്ത നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും മുന്‍ ഇന്ത്യന്‍ വോളിബാള്‍ താരമായ ടോം ജോസഫും പറഞ്ഞു.

Content Highlights: Footballer ck vineeth supports wrestler’s protest