football news
അതിവേഗ ഗോളില്‍ പിറന്നത് പുതുചരിത്രം; ഗുണ്ടോഗന് കൈയ്യടിക്കടാ മക്കളേ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 03, 03:44 pm
Saturday, 3rd June 2023, 9:14 pm

എഫ്.എ കപ്പിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പിറന്നത് ചരിത്രത്തിലെ അതിവേഗ ഗോള്‍. മത്സരം തുടങ്ങി 11ാമത്തെ സെക്കന്‍ഡില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിന്റെ ഗോള്‍വല കുലുക്കിയിരുന്നു.

ഇല്‍ക്കേ ഗുണ്ടോഗന്റെ ബുള്ളറ്റ് ഷോട്ട് ഗോളായതോടെ എഫ്.എ കപ്പിന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഫൈനലില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ ഗോളായി അത് മാറി. ഈ ഗോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ നിരയുടെ ആശയക്കുഴപ്പത്തില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടത്തിന്റെ മുഴുവന്‍ വീറും വാശിയും നിറഞ്ഞ മത്സരത്തിലായിരുന്നു ടെന്‍ഹാഗിനേയും സംഘത്തേയും ഞെട്ടിച്ചുകൊണ്ട് സിറ്റി ലീഡെടുത്തത്.

ചരിത്രത്തില്‍ ഇതാദ്യമായാണ് എഫ്.എ കപ്പിന്റെ ഫൈനലില്‍ സിറ്റിയും യുണൈറ്റഡും കൊമ്പുകോര്‍ക്കുന്നത്. നിര്‍ണായക മത്സരത്തില്‍ കാസെമിറോ, ക്രിസ്റ്റിയന്‍ എറിക്‌സണ്‍, ഫ്രെഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെയെല്ലാം ആദ്യ ഇലവനില്‍ തന്നെ ടെന്‍ ഹാഗ് ഇറക്കിയിരുന്നു.

ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ സമനില നേടിയ ബ്രൂണോ ഫെര്‍ണാണ്ടസിനും മറ്റൊരു അപൂര്‍വ നേട്ടം സ്വന്തമായി. ഈ എഫ്.എ കപ്പ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. 1966ന് ശേഷം ഒരു ഗോള്‍ പോലും വഴങ്ങാതെ എഫ്.എ കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യത്തെ ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി.

Content Highlights: fa cup football final match, fastest goal ever