ദി ഡെയ്‌ലി ടെലിഗ്രാഫിന്റെ പത്രാധിപരായി ബോറിസ് ജോണ്‍സണ്‍ ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന
World News
ദി ഡെയ്‌ലി ടെലിഗ്രാഫിന്റെ പത്രാധിപരായി ബോറിസ് ജോണ്‍സണ്‍ ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2024, 7:01 pm

ലണ്ടന്‍: മുന്‍ ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി ഡെയ്‌ലി ടെലിഗ്രാഫിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇതിനായി ബോറിസിന്റെ മുന്‍ ധനകാര്യ സെക്രട്ടറിയായ നാദിം സഹാവിയെ ചുമതലപ്പെടുത്തിയതായും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പത്രാധിപരായി ചുമതലയേറ്റെടുക്കാനുള്ള സന്നദ്ധത ബോറിസ് അറിയിച്ചതായി ടെലിഗ്രാഫ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ദീര്‍ഘകാലമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ടെലഗ്രാഫ് പത്രത്തെ സ്വന്തമാക്കാനുള്ള നാദിം സഹാവിയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ബോറിസിന്റെ പുതിയ കടന്നുവരവ്.

ഒരുപക്ഷെ ബോറിസിന്റെയും സഹാവിയുടെയും ശ്രമങ്ങള്‍ ഫലം കണ്ടാല്‍ 2016 ലെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരുടെ റീ യൂണിയന് സമാനമാവും ടെലഗ്രാഫിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്.

മുന്‍ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിയായ ജോണ്‍സണ്‍ ടെലിഗ്രാഫിന്റെ ബ്രസ്സല്‍സിലെ ലേഖകനായിട്ടായിരുന്നു തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിഗ്രാഫുമായി ദീര്‍ഘകാല ബന്ധം സൂക്ഷിച്ച ജോണ്‍സണ്‍ നിലവില്‍ ‘ഡെയ്‌ലി മെയില്‍’ പത്രത്തില്‍ കോളമിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്.

20 വര്‍ഷത്തിലധികമായി ബാര്‍ക്ലെ കുടുംബത്തിന്റെ ഉടമസ്ഥതയിലായ പത്രം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കടക്കെണിയിലാണ്. എന്നാല്‍ പത്രത്തിന്റെ ചുമതലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെ ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചിട്ടില്ല.

2016ല്‍ യു.കെയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റിന്റെ മുഖ്യ വക്താക്കളിലൊരാളായാണ് അറിയപ്പെട്ടത്. തെരെസ മേയ് സ്ഥാനഭ്രഷ്ടയായ ഒഴിവിലാണ് ടോറി നേതാവായ ജോണ്‍സണ്‍ ചുമതലയേറ്റത്.

2019ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ജോണ്‍സണ്‍ കൊവിഡ് കാലഘട്ടത്തിന്‍ ബ്രിട്ടനെ നയിച്ചെങ്കിലും രാഷ്ട്രീയ അഴിമതികളുടെ പേരില്‍ 2022ല്‍ സ്ഥാനമെഴിയുകയായിരുന്നു.

Content Highlight: Boris Johnson to take over as global editor in chief of The Daily Telegraph