കഴിഞ്ഞ മാര്‍ച്ചില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സൂയിസ് കനാലില്‍ കുടുങ്ങിയ ‘എവര്‍ ഗിവണ്‍’ കപ്പല്‍ ഇംഗ്ലണ്ടിലെ ഫിലിക്ക്സ്റ്റൗ തുറമുഖത്ത് എത്തി. മാസങ്ങളോളം വൈകിയാണ് കൂറ്റന്‍ കപ്പല്‍ ഇംഗ്ലണ്ടിലെത്തുന്നത്.
കഴിഞ്ഞ മാര്‍ച്ച് 23ന് ആണ് കൂറ്റന്‍ ചരക്കുകപ്പല്‍ കാറ്റിലകപ്പെട്ട് നിയന്ത്രണം വിട്ട് കനാലില്‍ കുടുങ്ങിയത്. കപ്പല്‍ കനാലില്‍ കുടുങ്ങിയതോടെ കനാല്‍ വഴിയുള്ള ഗതാഗതം സ്തംഭിച്ചത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരാഴ്ച്ചത്തെ പരിശ്രമത്തിനൊടുവിലാണ് അന്ന് കപ്പലിനെ ചലിപ്പിക്കാനായത്.
പിന്നീട് ഗതാഗത തടസ്സത്തിനും രക്ഷാപ്രവര്‍ത്തനത്തിനും മറ്റ് നാശനഷ്ടങ്ങള്‍ക്കുമായി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് മാസത്തോളം ഈജിപ്ത് അധികൃതര്‍ കപ്പല്‍ പിടിച്ചുവയ്ക്കുകയുണ്ടായി. കനാല്‍തടം തകര്‍ത്ത് ഏകദേശം 30000 ക്യുബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്താണ് കപ്പലിനെ മോചിപ്പിച്ചത്. കപ്പല്‍ ഉടമകളുമായും ഇന്‍ഷുറന്‍സ് കമ്പനിയുമായും നഷ്ടപരിഹാരത്തില്‍ ധാരണയില്‍ എത്തിയശേഷം കഴിഞ്ഞ ജൂലൈ ആദ്യവാരമാണ് കപ്പല്‍ വിട്ടുനല്‍കിയത്.
കനാലിന്റെ ചുമതലയുള്ള ‘സൂയിസ് കനാല്‍ അതോറിറ്റി’ ആദ്യം ആവശ്യപ്പെട്ടത് 91 കോടി യു.എസ് ഡോളര്‍ ആയിരുന്നെന്നും പിന്നീടിത് 55 കോടി ആയി കുറച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തിമ ധാരണപ്രകാരമുള്ള നഷ്ടപരിഹാരം എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
400 മീറ്റര്‍ നീളമുള്ള ഈ കൂറ്റന്‍ ചരക്കുകപ്പല്‍ ഫിലിക്ക്സ്റ്റൗവിന് ശേഷം ജര്‍മനിയിലെ ഹാംബര്‍ഗ് തുറമുഖവും സന്ദര്‍ശിക്കുന്നുണ്ട്.