അഗര്‍ത്തല: ത്രിപുരയിലെ ബ്രൂ അഭയാര്‍ത്ഥികള്‍ക്കായി ഭരണാഘടനാപരമായ പരിഹാര പദ്ധതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരംഭിച്ചതായി തിപ്ര മോത പാര്‍ട്ടി മേധാവി പ്രദ്യോത് കിഷോര്‍ ദേബര്‍മ്മ. പദ്ധതി നടപ്പാക്കാന്‍ ഇടനിലക്കാരനെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരും തമ്മില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശം.
‘മണ്ണിന്റെ മക്കളുടെ യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കിയതിന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ഞാന്‍ നന്ദി പറയുന്നു. ബ്രൂ ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ബ്രൂ വിഭാഗങ്ങളുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ 23 വര്‍ഷത്തിന് ശേഷം നടപ്പാകാന്‍ പോകുകയാണ്. ഞങ്ങളുടെ നിലനില്‍പ്പും ഉപജീവനവും സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു,’ ദേബര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ത്രിപുര തെരഞ്ഞെടുപ്പില്‍ വലിയ കോളിളക്കം സൃഷ്ടിച്ച പാര്‍ട്ടിയായിരുന്നു തിപ്ര മോത. 42 സീറ്റില്‍ 13 സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കുകയും ചെയ്തിരുന്നു. മാണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന അതേ ദിവസം തന്നെ തിപ്ര മോത മേധാവി പ്രദ്യുത് കിഷോര്‍ ദേബര്‍മ്മനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇരുവരും സഖ്യം രൂപീകരിക്കാനുള്ള നീക്കമായിരിക്കാം ഇതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നിരുന്നു.
വടക്കുകിഴക്കന്‍ ഇന്ത്യയിലെ തദ്ദേശീയരായ ഗോത്രവര്‍ഗ വിഭാഗമാണ് ബ്രൂസ് അഥവാ റിയാങ്‌സ്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍ മിസോറാമില്‍ നിന്നും കുടിയിറക്കപ്പെട്ട ഇവര്‍ 2023ലെ ത്രിപുര തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നത്.
14,005 പേരാണ് ബ്രൂ വിഭാഗത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്തത്. 1997 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ത്രിപുരയിലേക്ക് പലായനം ചെയ്യുകയും വടക്കന്‍ ത്രിപുരയിലെ കാഞ്ചന്‍പൂര്‍, പാനിസാഗര്‍ സബ്ഡിവിഷനുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തവരായിരുന്നു ഇവര്‍.
അതേസമയം ത്രിപുരയില്‍ രണ്ടാമതും മുഖ്യമന്ത്രിയായി മാണിക് സാഹ അധികാരമേറ്റു. അഗര്‍ത്തലയിലെ വിവേകാനന്ദ മൈതാനിയില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലായിരുന്നു മാണിക് സാഹയെ ഏകകണ്ഠമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
Content Highlight: ‘Constitutional Solution For Indigenous People’: TIPRA Motha Chief After Meet With Amit Shah