രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കണം: ജസ്റ്റിസ് പി.എസ് നരസിംഹ
national news
രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കണം: ജസ്റ്റിസ് പി.എസ് നരസിംഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 10:11 pm

ബെംഗളൂരു: രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. നരസിംഹ. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബെംഗളൂരുവില്‍ സംഘടിപ്പിച്ച ജസ്റ്റിസ് ഇ.എസ് വെങ്കടരാമയ്യ ശതാബ്ദി സ്മാരക പരിപാടിയിലായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമര്‍ശം.

ഭരണഘടനാ സ്ഥാപനങ്ങളുടെ നേതൃ സ്ഥാനത്തേക്കുള്ള വ്യക്തികളുടെ നിയമനങ്ങള്‍, തീരുമാനം എടുക്കലുകള്‍, വ്യക്തികളെ ഒഴിവാക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സ്ഥാപനങ്ങളുടെ സമഗ്രത നിലനിര്‍ത്താനാകൂ എന്നും ജസ്റ്റിസ് വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനങ്ങളുടെ പുനര്‍രൂപകല്‍പന, സമഗ്രത, കാര്യക്ഷമത, ഉത്തരവാദിത്തം എന്ന വിഷയത്തിലായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പ്രഭാഷണം.

ഇലക്ഷന്‍ കമ്മീഷന്‍, കണ്‍ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍, എസ്.സി-എസ്.ടി, ഒ.ബി.സി ദേശീയ കമ്മീഷനുകള്‍ എന്നിവയ്ക്ക് വലിയ തോതിലുള്ള പങ്കുണ്ടെന്നും ജസ്റ്റിസ് നരസിംഹ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാധാന്യത്തെ നിസാരമായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുകള്‍, സെന്‍ട്രല്‍ ഇഫര്‍മേഷന്‍ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന കേവലം നിയമപരമായ രേഖയല്ലെന്നും മറിച്ച് സാമൂഹികമായ മാറ്റങ്ങള്‍ക്കായുള്ള ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിക്യൂട്ടൂവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂഷനുകളെ ഭരണഘടന വ്യക്തമായി തന്നെ വേര്‍തിരിക്കുന്നുണ്ടെന്നും ഭരണഘടനയെ മുന്‍നിര്‍ത്തിയുള്ള തര്‍ക്കം പല ഇടങ്ങളിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Constitutional institutions must be protected from politically motivated interference: Justice PS Narasimha