ഇസ്രഈലിനുള്ള യു.എസിന്റെ ആയുധ വില്‍പന തടയണം; 'വിസമ്മതത്തിന്റെ പ്രമേയം' അവതരിപ്പിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം
World News
ഇസ്രഈലിനുള്ള യു.എസിന്റെ ആയുധ വില്‍പന തടയണം; 'വിസമ്മതത്തിന്റെ പ്രമേയം' അവതരിപ്പിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th November 2023, 11:45 am

വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ ആക്രമണത്തിന് 320 മില്യണ്‍ ഡോളറിന്റെ ആയുധ വില്പന നടത്തുന്നത് തടയാന്‍ പ്രമേയം അവതരിപ്പിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍. ഒമറിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പുരോഗമന ഡെമോക്രാറ്റുകളാണ് ‘വിസമ്മതത്തിന്റെ പ്രമേയം'(Resolution Disapproval) എന്ന നിര്‍ദേശം അവതരിപ്പിച്ചത്.

ഗസയില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യു.എസ് ഭരണകൂടം ഇസ്രഈലിന് വില്‍ക്കാന്‍ അംഗീകരിച്ച ഒരു പ്രത്യേകതരം
ഗൈഡഡ് ബോംബ് കിറ്റ് കയറ്റുമതി ലൈസന്‍സ് റദ്ദാക്കാന്‍ പ്രമേയം ആവശ്യപ്പെട്ടു.

ഗസയിലെ ആക്രമണത്തിന് ഈ ആയുധങ്ങള്‍ ഇതിനകം ഉപയോഗിച്ചിട്ടുണ്ടെന്ന് ഒമറിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം
പ്രസിഡന്റ് ജോ ബൈഡനും ഇസ്രഈലി ഭരണകൂടവും ആയുധ ഇടപാടില്‍ ധാരണയിലെത്തിയിരുന്നു.

ഗൈഡഡ് ബോംബിനെ ജി.പി.എസ് ഗൈഡഡ് ആയുധമാക്കി മാറ്റാന്‍ കഴിയുന്ന ഗിയര്‍ കൈമാറാന്‍ തുടങ്ങുന്നുവെന്ന് വൈറ്റ് ഹൗസ് ഒക്ടോബര്‍ 31 കോണ്‍ഗ്രസിനെ അറിയിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു.എസ് പിന്തുണയോടെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാരും ഗസ മുനമ്പിലെ ഉപരോധത്തിന്റെ ഭാഗമായി യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണെന്ന് സൈനിക യ്‌ക്കെതിരെ ഒമര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തലാക്കുക, കരയുദ്ധം അവസാനിപ്പിക്കുക, ഗസയിലെ അധിനിവേശം ഒഴിവാക്കുക, യുദ്ധത്തിന് ഇടവേള പ്രഖ്യാപിക്കുക എന്നീ യു.എസിന്റെ ആവശ്യങ്ങളില്‍ നിന്ന് നെതന്യാഹു മുഖം തിരിക്കുന്നതായി അവര്‍ പറഞ്ഞു.

വാഷിങ്ടണ്‍ ഇതിനകം ഇസ്രഈലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കുന്നുവെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നും ഒമര്‍ പറഞ്ഞു. കൂടാതെ ആയുധ വില്‍പ്പനയില്‍ മേല്‍നോട്ടം വഹിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേര്‍ത്തു.

യു.എസ്, അന്തരാഷ്ട്ര നിയമങ്ങളെയും മനുഷ്യവകാശങ്ങളെയും ലംഘിക്കുന്ന ആയുധ വില്‍പ്പന അനുവദിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.

യു.എസ് നിശബ്ദമായി ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നത് വര്‍ധിപ്പിച്ചതായി അമേരിക്കന്‍ വാര്‍ത്ത ഔട്ട്‌ലെത്തായ ബ്ലൂംബെര്‍ഗ്‌ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content highlight : Congresswoman Omar unveils resolution to block US arms sale to Israel