മധ്യപ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കമല്‍നാഥിന്റെ പുതിയ തന്ത്രം; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി വരും
national news
മധ്യപ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കമല്‍നാഥിന്റെ പുതിയ തന്ത്രം; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 3:40 pm

ഭോപ്പാല്‍: പതിനഞ്ച് മാസത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ അധികാരം നഷ്ടപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിനോടൊപ്പം 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്ഥാനം രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്.

24 മണ്ഡലങ്ങളിലേക്ക് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ 23 മണ്ഡലങ്ങളും നേരത്തെ കോണ്‍ഗ്രസിന്റെതായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ അധികാരത്തിലേക്ക് തിരികെ വരാന്‍ കോണ്‍ഗ്രസിന് കഴിയും. ഈ ആലോചനയില്‍ നേരത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസും.

എന്ത് വില കൊടുത്തും ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കണമെന്ന് കരുതുന്ന കമല്‍നാഥ് പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പ്രശാന്ത് കിഷോറിനെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറക്കുക എന്നതാണത്. 2018ല്‍ സംസ്ഥാനത്ത് വിജയിച്ചപ്പോഴും കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റുകളിലും തന്ത്രങ്ങളൊരുക്കേണ്ട ചുതല പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് നല്‍കും. കോണ്‍ഗ്രസിന്റെ വാര്‍ റൂം പ്രവര്‍ത്തിക്കുക ഇത്തവണ ഭോപ്പാലിലല്ല, ഗ്വാളിയോറിലായിരിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 16 എണ്ണം ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലായതിനാലാണ് ഈ തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക