കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയം തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി എന്നീ പാര്‍ട്ടികളില്‍ എത്തിനില്‍ക്കവേ മൂന്നാമതൊരു മുന്നണി എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്‍ മന്നാന്‍.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ബി.ജെ.പി സ്വാധീനത്തെ പുതിയ പാര്‍ട്ടിയോടൊപ്പം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നാല്‍ തടയാനാവുമെന്നാണ് അബ്ദുള്‍ മന്നാന്റെ പക്ഷം. 1967ല്‍ അജയ് മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് ബംഗ്ലാ കോണ്‍ഗ്രസുണ്ടാക്കുകയും ഇടതിനോടൊപ്പം ചേര്‍ന്ന് മത്സരിച്ച ഒരു സാഹചര്യം ഇപ്പോഴും ഉണ്ടാവുമെന്ന് അബ്ദുള്‍ മന്നാന്‍ കരുതുന്നു. പുതിയ സാധ്യതകള്‍ സോണിയാ ഗാന്ധിയെ അബ്ദുള്‍ മന്നാന്‍ അറിയിച്ചിട്ടുണ്ട്.
മൂന്ന് മന്ത്രിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സംസ്ഥാനത്ത് കുറച്ചു ദിവസമായി അഭ്യൂഹമുണ്ട്. തങ്ങളുടെ സ്വാധീനത്തെ ഉപയോഗപ്പെടുത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി ഇവര്‍ രൂപീകരിക്കുമെന്നും അതല്ല ബി.ജെ.പിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.
1967ലെ സാഹചര്യം അതേ പോലെ ആവര്‍ത്തിക്കുമെന്നല്ല ഞാന്‍ അര്‍ത്ഥമാക്കിയത്. പക്ഷെ ഞാന്‍ ശക്തമായി കരുതുന്നത് നിരവധി പേര്‍ക്ക് തൃണമൂലിനോടും ബി.ജെ.പിയോടും ഒരേ പോലെ എതിര്‍പ്പുണ്ട്. നിരവധി പേരുണ്ട്, അതില്‍ ബുദ്ധിജീവികളും രാഷ്ട്രീയ ചായ്‌വില്ലാത്ത പൗരന്മാരുണ്ട്. അവര്‍ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെയും മൂന്നാമതൊരു വഴി നോക്കുന്നുണ്ട്. ഈ ബുദ്ധിജീവികളെയും വിമതവിഭാഗങ്ങളെയും ചേര്‍ത്ത് രാഷ്ട്രീയ ഇടം വികസിപ്പിക്കണമെന്ന അഭിപ്രായം തനിക്കുണ്ടെന്ന് അബ്ദുള്‍ മന്നാന്‍ പറഞ്ഞു.
ഇടതുപാര്‍ട്ടികളുമായി നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്ര പറഞ്ഞു. തൃണമൂല്‍ വിതമവിഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യം തങ്ങളുടെ ശക്തി വര്‍ധിപ്പിക്കട്ടെ എന്നായിരുന്നു സോമെന്‍ മിത്രയുടെ മറുപടി.