ധരംശാല: ഉപതെരഞ്ഞെടുപ്പില്‍ ധരംശാല മണ്ഡലം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രദേശത്തെ ബി.ജെ.പി വിമതരെ സ്വാധീനിക്കുകയെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യം.
31 കാരനായ വിശാല്‍ നെഹ്രിയയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിനാല്‍ ബി.ജെ.പി നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ബി.ജെ.പി നേതാക്കള്‍ ബഹിഷ്‌ക്കരിച്ചതോടെയാണ് ഈ അതൃപ്തി പരസ്യമാവുന്നത്. ഇവിടെ നടന്ന ബി.ജെ.പിയുടെ പ്രകടനത്തിലും ആരും പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടിയുടെ മാധ്യമ ഉപദേഷ്ടാവ് രാകേഷ് ശര്‍മ, ഉമേഷ് ദത്ത് തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി യോഗവും ബഹിഷ്‌ക്കരിച്ചിരുന്നു.പാര്‍ട്ടിയുടെ മറ്റെരു നേതാവായ വിപിന്‍ നെഹ്രിയയും യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ വൈകാതെ പാര്‍ട്ടി അദ്ദേഹത്തെ തിരിച്ചുകൊണ്ടിവരികയായിരുന്നു.
തിങ്കളാഴ്ച്ച അര്‍ധ രാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയുടെ നേതൃത്വത്തില്‍ സിവില്‍ ലൈനിലുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു. ബി.ജെ.പി വിമതരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.