ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷപരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം കനക്കുന്നത്.
ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ വീണ്ടും പോളിഷ് ചെയ്ത് ഖാര്‍ഗെ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നാണ് നദ്ദ പറഞ്ഞത്. രാഹുല്‍ ഗാന്ധി രാജ്യ വിരുദ്ധ ശക്തികള്‍ക്കൊപ്പമാണെന്നും അദ്ദേഹത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എന്തിനാണ് അഭിമാനം കൊള്ളുന്നതെന്നും നദ്ദ ചോദിച്ചിരുന്നു.
രാജ്യത്തെ ജാതീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരെ ഖാര്‍ഗെ മൗനം പാലിക്കുന്നുവെന്നും പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഹുലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്നും നദ്ദ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി നേതൃത്വത്തിനെതിരായ പ്രതിഷേധം കോണ്‍ഗ്രസ് ശക്തമാക്കുന്നത്. പൊതുജനങ്ങളുടെ മനസില്‍ വിഷം കുത്തിവെക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അമിത് പട്കര്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ വാചോപടി നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ തങ്ങള്‍ മിണ്ടാതിരിക്കില്ലെന്ന് എ.ഐ.സി.സി നേതാവായ ബാലാസാഹേബ് തോറാട്ടും പറഞ്ഞു.
‘ജനാധിപത്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പ്രധാനപ്പെട്ടതാണ്. രാഹുല്‍ ഗാന്ധിയെ കുറിച്ച് വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി അനുയായികള്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കുന്നില്ല,’ എന്ന് കോണ്‍ഗ്രസ് എം.പി നാനെ പടോലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
യു.എസ് സന്ദര്‍ശനത്തിനിടെ നടത്തിയ വിമര്‍ശനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് മഹാരാഷ്ട്രയിലെ ഷിന്‍ഡെ വിഭാഗം ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംവരണത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമശത്തില്‍ പ്രകോപിതനായികൊണ്ടായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.
ഇത്തരത്തില്‍ ഒന്നിലധികം നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണികള്‍ മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പരാമര്‍ശങ്ങളുന്നയിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ അതൃപ്തിയുണ്ടെന്നാണ് ഖാര്‍ഗെ പറഞ്ഞത്. ഇതിന് മറുപടിയെന്നോണമാണ് രാജ്യസഭാ എം.പി കൂടിയായ ജെ.പി. നദ്ദ കോണ്‍ഗ്രസ് അധ്യക്ഷന് കത്തെഴുതുന്നത്.
Content Highlight: Congress protests are intensifying over the remarks of BJP leaders against Rahul Gandhi