Kerala News
ഉമ്മന്‍ചാണ്ടി കൂട്ടിയ നികുതി പിണറായി കുറച്ചാല്‍ പോരെ; പി. രാജീവിനോട് ടി. സിദ്ദീഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 05, 10:43 am
Friday, 5th November 2021, 4:13 pm

കോഴിക്കോട്: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി പി. രാജീവിന് മറുപടിയുമായി കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്. ഉമ്മന്‍ ചാണ്ടിക്ക് 13 തവണ കൂട്ടാമെങ്കില്‍ 13 തവണ കുറയ്ക്കാന്‍ പിണറായി വിജയന് കഴിയും എന്ന് തുറന്നുസമ്മതിക്കുകയാണ് പി. രാജീവ് ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദീഖ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയല്ല ഇപ്പോള്‍ ഭരിക്കുന്നത്. സഖാവ് പിണറായി വിജയനാണ്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി കൂട്ടിയത് കുറച്ച്, 2021ല്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

‘ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു വേള ക്രൂഡ് ഓയില്‍ വില ബാരലിനു 141 ഡോളര്‍ കടന്നിട്ടും എണ്ണ വില 70 രൂപ കടന്നിരുന്നില്ല. യു.പി.എ സര്‍ക്കാര്‍ അനാവശ്യമായി നികുതി കൂട്ടി കൊള്ള നടത്തിയിരുന്നില്ല.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ നികുതി കുറച്ച് കുറഞ്ഞ നിലയിലാണ് ഇന്ധനം ലഭ്യമാകുന്നത്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടി സി.പി.ഐ.എമ്മും ഇന്ധന നികുതി കുറയ്ക്കാന്‍ പാടില്ല എന്ന കടുത്ത നിലപാടിലാണ്.

ഇന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ ന്യായീകരണ ക്യാപ്‌സ്യൂളുമായി വന്നതുകണ്ടു. സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കുന്ന സഖാവിനെ പെട്രോള്‍ പമ്പില്‍ വെച്ച് ആളുകള്‍ മനസ്സില്‍ പ്രാകുന്നുണ്ട് എന്ന് മനസ്സിലാക്കുക,’ ടി. സിദ്ദീഖ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ കൂട്ടിയത് കുറയ്ക്കണം. അതില്‍ തര്‍ക്കമില്ല. ഇനി പെട്രോള്‍ നികുതി യു.പി.എ കാലത്തെ 9.80ലേക്ക് തിരികെ കൊണ്ടുവരും വിധം കേന്ദ്രം 18 രൂപ കൂടി നികുതി കുറച്ചു എന്ന് കരുതുക. കേന്ദ്ര നികുതി 9.80 ആകും സംസ്ഥാന നികുതി ലിറ്ററിന് 20.44 ആകും. ഇങ്ങനെവരുമ്പോള്‍ ആരാണ് യഥാര്‍ത്ഥ പോക്കറ്റ് അടിക്കാരനെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്ക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണവുമായി മന്ത്രി പി. രാജീവ് രംഗത്തെത്തയിരുന്നു.

കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും, പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്രതവണ കൂട്ടിയെന്ന് ഭരിക്കുന്നവര്‍ക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടിക്കൊണ്ടിരുന്നവരാണ് ഇപ്പോള്‍ കുറവുവരുത്തിയിരിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Congress MLA T.Siddique Replays to Rajeev on his fuel tax statement