നിയമസഭയില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തി; ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍
national news
നിയമസഭയില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തി; ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th March 2021, 6:34 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ സ്പീക്കര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയാണ് കോണ്‍ഗ്രസ് എം.എല്‍.എ വിമല്‍ ചുദാസമയെ സഭയില്‍ നിന്ന് പുറത്താക്കിയത്.

സഭയ്ക്ക് അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ എം.എല്‍.എമാര്‍ ശ്രദ്ധിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

സഭയുടെ മാന്യത കാത്തുസൂക്ഷിക്കാന്‍ ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത ധരിച്ച് വേണം എം.എല്‍.എമാര്‍ ഹാജരാകാന്‍ എന്നാണ് സ്പീക്കര്‍ പുറത്താക്കല്‍ നടപടിയ്ക്ക് പിന്നാലെ പറഞ്ഞത്.

അതേസമയം സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. മാന്യമായ വസ്ത്രധാരണത്തിലുപരി ഒരു പ്രത്യേക വസ്ത്രം ധരിക്കരുതെന്ന് പറയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സോംനാഥ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ വിമല്‍ ചുദാസമയ്ക്ക് നേരെ സമാന നിര്‍ദ്ദേശം മുമ്പും സ്പീക്കര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ സഭയില്‍ മാന്യമായി തന്നെയാണ് താന്‍ വസ്ത്രം ധരിച്ചിരുന്നതെന്നായിരുന്നു ചുദാസമ പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ വരെ താന്‍ ഈ വേഷമാണ് ധരിക്കുന്നതെന്നും ഇതില്‍ എന്താണ് മാന്യതക്കുറവെന്നുമായിരുന്നു ചുദാസമ ചോദിച്ചത്.

നിങ്ങള്‍ക്ക് തോന്നുന്നത് ധരിച്ചെത്താനുള്ള സ്ഥലമല്ല നിയമസഭ. നിങ്ങള്‍ ഒരു എം.എല്‍.എയാണ്. ഇതൊരു മൈതാനമല്ല. ഇവിടെ ചില പ്രോട്ടോകോളുകളുണ്ട്. അത് അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ പറ്റുള്ളു’, എന്നായിരുന്നു സ്പീക്കര്‍ മറുപടിയായി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Congress MLA evicted from Gujarat Assembly for wearing T-shirt