ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു, എല്ലാം വെറും വാഗ്ദാനങ്ങള്‍ മാത്രം; കോണ്‍ഗ്രസിനെതിരെ അസദുദ്ദീന്‍ ഉവൈസി
India
ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു, എല്ലാം വെറും വാഗ്ദാനങ്ങള്‍ മാത്രം; കോണ്‍ഗ്രസിനെതിരെ അസദുദ്ദീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd May 2023, 11:58 am

ബെംഗളൂരു: തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്ന കോണ്‍ഗ്രസ് അവയൊന്നും നിറവേറ്റുന്നില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അവ പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കോണ്‍ഗ്രസ് നിറവേറ്റിയില്ലെന്ന് ഉവൈസി കുറ്റപ്പെടുത്തി.

‘ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അവ പുനര്‍നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. എന്നാല്‍ എന്താണ് സംഭവിച്ചത്? തെരഞ്ഞെടുപ്പിന് മുന്‍പ് പല വാഗ്ദാനങ്ങളും നല്‍കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം’, ഉവൈസി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടുകള്‍ വിഭജിക്കാന്‍ ബി.ജെ.പി പറഞ്ഞയച്ചതാണ് തന്നെയെന്ന ആരോപണത്തിനെതിരെയും ഉവൈസി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് പറയുന്നത് ശുദ്ധ അസംബദ്ധമാണെന്നും കര്‍ണാടകയില്‍ ആകെ രണ്ട് സീറ്റുകളില്‍ മാത്രമാണ് തങ്ങള്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉവൈസിയുടെ വിമര്‍ശനം. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കര്‍ഷക ക്ഷേമം, തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായുളള പിന്തുണ, വീട്ടമ്മമാര്‍ക്കും ബിരുദധാരികള്‍ക്കും പ്രതിമാസ സഹായം തുടങ്ങിയ വാഗ്ദാനങ്ങളോടു കൂടിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.

ബജ്റംഗ്ദള്‍, പി.എഫ്.ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുന്നത് ഉള്‍പ്പെടെയുളള നിയമാനുസൃത നടപടികളിലേക്ക് കടക്കുമെന്നും പത്രികയില്‍ പറയുന്നു. ബി.ജെ.പി റദ്ദാക്കിയ മുസ്ലിം സംവരണം പുനസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അമ്പത് ശതമാനം സംവരണം എഴുപത് ആയി ഉയര്‍ത്തുമെന്നാണ് പത്രിക വായിച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

മെയ് പത്തിനാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. മെയ് പതിമൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Content Highlight: Congress made a resolution of rebuilding the mosque but nothing was done says Asadudhin Owaisi