ലോക്‌സഭയിലെ സുപ്രധാന പദവികളില്‍ നിന്നും തരൂരും വീരപ്പമൊയ്‌ലിയും പുറത്ത്, രാഹുലിനും സ്ഥാനചലനം; പകരം ബി.ജെ.പി എം.പിമാര്‍
national news
ലോക്‌സഭയിലെ സുപ്രധാന പദവികളില്‍ നിന്നും തരൂരും വീരപ്പമൊയ്‌ലിയും പുറത്ത്, രാഹുലിനും സ്ഥാനചലനം; പകരം ബി.ജെ.പി എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 5:04 pm

ന്യൂദല്‍ഹി: ലോക്‌സഭയിലെ രണ്ട് സുപ്രധാന പദവികളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികളെ ഒഴിവാക്കി പകരം ബി.ജെ.പി എം.പിമാരെ നിയമിച്ചു. ധനകാര്യവും വിദേശ കാര്യവും സംബന്ധിച്ച പാര്‍ലമെന്ററി പാനലുകളിലെ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

16 ാമത് ലോക്‌സഭയില്‍ ധനകാര്യ സമിതി കൈകാര്യം ചെയ്തിരുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയിലിയും വിദേശ കാര്യസമിതി കൈകാര്യം ചെയ്തിരുന്നത് ശശി തരൂരുമായിരുന്നു. എന്നാല്‍ ഇത്തവണ ഉയര്‍ന്ന പദവികള്‍ കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന നിലപാടില്‍ ധനകാര്യ സമിതി ചെയര്‍മാനായി ബി.ജെ.പിയുടെ ജയന്ത് സിന്‍ഹയെയും വിദേശ കാര്യ സമിതിയുടെ ചെയര്‍മാനായി പി.പി ചൗധരിയെയും നിയമിച്ചു.

നേരത്തെ വിദേശകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന് നല്‍കില്ലയെന്ന  റിപ്പോര്‍ട്ടില്‍ ശശിതരൂര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.

‘പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചരിത്രത്തില്‍ വിദേശ കാര്യസമിതിക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ എം.പിയാണെന്നും ഈ നീക്കം ഭയപ്പെടുത്തുന്നുവെന്നും’ ശശീ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

ശശീ തരൂര്‍ ഇനി വിവര സാങ്കേതിക വിദ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നയിക്കും. രാഹുല്‍ ഗാന്ധിയെയും പദവിയില്‍ നിന്നു മാറ്റി. അദ്ദേഹത്തെ വിദേശ കാര്യ പാര്‍ലമെന്ററി സമിതിയില്‍ നിന്നും പ്രതിരോധ സമിതിയിലേക്കാണ് മാറ്റിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നോട്ട് അസാധുവാക്കലില്‍ അന്നത്തെ ധനകാര്യ സമിതി ചെയര്‍മാന്‍ വീരപ്പമൊയ്‌ലിയും ദോക്ലാം വിഷയത്തില്‍ വിദേശ കാര്യ സമിതി ചെയര്‍മാനായിരുന്ന ശശി തരൂരും സ്വീകരിച്ച നിലപാടുകള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു.