കോഴിക്കോട്: ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ മാതാവിന്റെ ബൈറ്റ് വാര്‍ത്തയാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഒരു ക്രിമിനല്‍ പ്രവൃത്തി നടത്തിയയാളുടെ നിരപരാധികളായ കുടുംബാംഗങ്ങളെ ആള്‍ക്കൂട്ട വിചാരണക്ക് എറിഞ്ഞുകൊടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
സന്ദീപ് എന്ന പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ചെയ്ത കൊലപാതകത്തിന്റെ പേരില്‍ അയാളുടെ അമ്മയേക്കൊണ്ട് മാപ്പ് പറയിച്ച് അത് വലിയ വാര്‍ത്തയാക്കുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മനസിലാവുന്നില്ലെന്നും വി.ടി. ബല്‍റാം വിമര്‍ശിച്ചു.
‘ഒരു ക്രിമിനല്‍ പ്രവൃത്തിയുടെ ഉത്തരവാദിത്തം (Culpability) അത് ചെയ്യുന്ന വ്യക്തിയുടേതാണ്, അല്ലാതെ അയാളുടെ മാതാപിതാക്കളുടേതോ ബന്ധുക്കളുടേതോ സുഹൃത്തുക്കളുടേതോ അല്ല. അല്ലെങ്കില്‍പ്പിന്നെ ആ മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ പദവിയോ അധികാരമോ സാമൂഹ്യബന്ധങ്ങളോ ഒക്കെ ദുരുപയോഗിച്ചാണ് പ്രസ്തുത ക്രിമിനല്‍ പ്രവൃത്തി നടത്തപ്പെട്ടത് എന്ന സ്ഥിതിയുണ്ടാവണം.
സന്ദീപ് എന്ന പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ചെയ്ത കൊലപാതകത്തിന്റെ പേരില്‍ അയാളുടെ അമ്മയേക്കൊണ്ട് മാപ്പ് പറയിച്ച് അത് വലിയ വാര്‍ത്തയാക്കുന്നത് എന്ത് തരം മാധ്യമ പ്രവര്‍ത്തനമാണെന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരല്‍പ്പം നീട്ടിവലിച്ചാല്‍ അത് ചെന്നെത്തുക ‘വളര്‍ത്തുദോഷം’, ‘നല്ല കുടുംബത്തില്‍ പിറക്കായ്ക’ തുടങ്ങിയ പിന്തിരിപ്പന്‍, മനുഷ്യവിരുദ്ധ ആശയങ്ങളിലായിരിക്കും എന്നതില്‍ സംശയമില്ല.
ഒരു ക്രിമിനല്‍ പ്രവൃത്തി നടത്തിയയാളുടെ നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി ആള്‍ക്കൂട്ട വിചാരണക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു അനഭിലഷണീയമായ സംസ്‌ക്കാരത്തിനാണ് ഇതുപോലുള്ള വാര്‍ത്തകള്‍ വഴിവയ്ക്കുന്നത്,’ ബല്‍റാം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയിലായിരുന്നു ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ അമ്മയുടെ പ്രതികരണം വാര്‍ത്തയായി വന്നത്. മകന്‍ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും, അതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് സന്ദീപിന്റെ അമ്മ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറയുന്നത്.