ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശിലെ മൂന്ന് യുവാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത നടപടിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍. ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള ബി.ജെ.പിയാണ് ഇത് ചെയ്തതെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയുമാരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശില്‍ ഇത് സംഭവിച്ചത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
“ബി.ജെ.പിയാണ് തെറ്റു ചെയ്തതെങ്കില്‍ ആര്‍.എസ്.എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണതെന്ന് നമുക്ക് ആശ്വസിക്കാം. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലാണ് പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ ചുമത്തുന്നത്. പശു സംരക്ഷണത്തിനായി എന്‍.എസ്.എ പോലുള്ള കര്‍ശനം വകുപ്പുകള്‍ ചുമത്തുകയാണെങ്കില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നിഷ്‌കളങ്കരെ ദ്രോഹിക്കുന്നവര്‍ക്കെതിരെയും എന്‍.എസ്.എ ചുമത്തേണ്ടതുണ്ട്”- കോണ്‍ഗ്രസ് ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരെ എന്‍.എസ്.എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തിയതായി മധ്യപ്രദേശ് പൊലീസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ശക്കീല്‍, നദീം, അസാം എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. രാജ്യത്ത് ആദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ ചുമത്തുന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്.